കാറ്റലോണിയന്‍ സ്വാതന്ത്രം; പ്രതിഷേധങ്ങള്‍ അവസാനിക്കുന്നില്ല, റാലിക്കിടെ സംഘര്‍ഷം

ബാഴ്‌സലോണ: കാറ്റലോണിയന്‍ സ്വാതന്ത്ര്യ പ്രഖ്യാപനത്തിന്റെ ഒന്നാം വാര്‍ഷിക ആഹ്ലാദ റാലികള്‍ക്കിടെ സംഘര്‍ഷം. കാറ്റലോണിയന്‍ സ്വാതന്ത്ര്യാനുകൂലികളും ഇതിനെ എതിര്‍ക്കുന്നവരും തമ്മിലാണ് സംഘര്‍ഷമുണ്ടായത്. സംഭവത്തില്‍ 25 പേര്‍ക്ക് പരിക്കേറ്റു. ഒന്നിലേറെ റാലികളിലുണ്ടായ സംഘര്‍ഷങ്ങളിലാണ് ഇത്രയും പേര്‍ക്ക് പരിക്കേറ്റതെന്നാണ് വിവരം. പരിക്കേറ്റവരെ ആശുപത്രികളില്‍ പ്രവേശിപ്പിച്ചു.

സംഘര്‍ഷങ്ങളുമായി ബന്ധപ്പെട്ട് ഇരുഭാഗത്തു നിന്നുമായി പത്തു പേരെ അറസ്റ്റ് ചെയ്തിട്ടുണ്ടെന്ന് പോലീസ് അറിയിച്ചു. 2017 ഒക്ടോബര്‍ ഒന്നിനാണ് സ്പെയിനില്‍ നിന്ന് സ്വതന്ത്രമായി സ്വന്തം രാഷ്ട്രമായി മാറണമെന്ന് 90 ശതമാനം കാറ്റലോണിയക്കാരും ഹിതപരിശോധനയില്‍ വിധിയെഴുതിയതായി അധികൃതര്‍ അറിയിച്ചത്. 22 ലക്ഷം വോട്ടര്‍മാരാണ് അന്ന് ഹിതപരിശോധനയില്‍ പങ്കെടുത്തത്. (42 ശതമാനം പോളിംഗ്) സ്വതന്ത്ര രാഷ്ട്രമാകാനുള്ള അവകാശപ്പോരാട്ടത്തില്‍ കാറ്റലോണിയ ജയിച്ചതായാണ് റീജിയണല്‍ പ്രസിഡണ്ട് കാള്‍സ് പിഗ്ഡെമോണ്ട് അന്ന് പ്രഖ്യാപിച്ചത്. എന്നാല്‍, ഹിതപരിശോധന നിയമപരമല്ലെന്നും ചിലരെല്ലാം ചേര്‍ന്ന് കാറ്റലോണിയക്കാരെ വഞ്ചിക്കുകയാണെന്നുമായിരുന്നു സ്പാനിഷ് പ്രധാനമന്ത്രി മരിയാനോ റെജോയ്യുടെ നിലപാട്.

2010ജൂലൈയില്‍ സ്പെയിന്‍ ഭരണഘടനാ കോടതി കാറ്റലോണിയന്‍ സ്വയംഭരണാധികാരം നിയമപരമല്ലെന്ന് വിധിച്ചിരുന്നു. കാറ്റലോണിയ രാഷ്ട്രത്തിന് നിയമസാധുതയില്ലെന്നും കോടതി അന്ന് വ്യക്തമാക്കി. ഈ വിധിയുടെ ചുവടുപിടിച്ചാണ് 2014ല്‍ 80 ശതമാനത്തിലേറെപ്പേരും കാറ്റലോണിയന്‍ സ്വാതന്ത്ര്യത്തെ അനുകൂലിച്ച് വോട്ട് രേഖപ്പെടുത്തിയ ഹിതപരിശോധന അംഗീകരിക്കാനാവില്ലെന്ന് സ്പാനിഷ് ഭരണകൂടം വ്യക്തമാക്കിയത്.

ഭരണകൂടത്തിന്റെ ഈ തീരുമാനത്തിനെതിരെ പ്രതിഷേധ സമരങ്ങള്‍ നടന്നുവരുന്നതിനിടെയാണ് 2017ല്‍ വീണ്ടും ഹിതപരിശോധന നടന്നത്. ഈ ഹിത പരിശോധനയിലാണ് 90 ശതമാനം ജനങ്ങള്‍ കാറ്റലോണിയന്‍ സ്വാതന്ത്ര്യത്തെ അനുകൂലിച്ച് വോട്ടു രേഖപ്പെടുത്തിയെന്ന് അധികൃതര്‍ അവകാശപ്പെട്ടു. ഭരണഘടനാ കോടതി നേരത്തെ തന്നെ ഹിതപരിശോധന നിയമപരമല്ലെന്ന് പ്രഖ്യാപിച്ച സാഹചര്യത്തില്‍ ഇത് അംഗീകരിക്കാനാവില്ലെന്നാണ് സ്പെയിന്‍ ഭരണകൂടത്തിന്റെ നിലപാട്.

2017ലെ വോട്ടെടുപ്പ് തടയാന്‍ സ്പാനിഷ് പോലീസ് ശ്രമം നടത്തിയിരുന്നു. ഇതേത്തുടര്‍ന്നുണ്ടായ ഏറ്റുമുട്ടലില്‍ 850 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിരുന്നു.

Top