police case against lekshmi nair

തിരുവനന്തപുരം: ലോ അക്കാദമി പ്രിന്‍സിപ്പല്‍ ലക്ഷ്മി നായര്‍ക്കെതിരെ ജാമ്യമില്ലാവകുപ്പില്‍ പൊലീസ് കേസെടുത്തു. പേരൂര്‍ക്കട പൊലീസാണ് ലക്ഷ്മി നായര്‍ക്കെതിരെ കേസെടുത്തിരിക്കുന്നത്. ദളിത് പീഡനം, ജാതിപ്പേര് വിളിച്ച് ആക്ഷേപിക്കല്‍ എന്നീ വകുപ്പുകള്‍ ചേര്‍ത്താണ് പോലീസ് കേസെടുത്തിരിക്കുന്നത്.

പ്രിന്‍സിപ്പലിന്റെ ഹോട്ടലില്‍ ജോലിചെയ്യാന്‍ നിര്‍ബന്ധിച്ചു എന്നതടക്കമുള്ള പരാതികളാണ് വിദ്യാര്‍ഥികള്‍ ലക്ഷ്മി നായര്‍ക്കെതിരെ ഉന്നയിച്ചിട്ടുള്ളത്. ജാതിപ്പേര് വിളിച്ച് അധിക്ഷേപിച്ചുവെന്ന പരാതി സ്വീകരിക്കാന്‍ പട്ടികജാതി പട്ടികവര്‍ഗ കമ്മീഷന്‍ വിസമ്മതിച്ചതായി നേരത്തെ വിദ്യാര്‍ഥികള്‍ വെളിപ്പെടുത്തിയിരുന്നു.

കന്റോണ്‍മെന്റ് അസിസ്റ്റന്റ് കമ്മീഷണര്‍ കെ.ഇ ബൈജു കേസ് അന്വേഷിക്കും. വിദ്യാര്‍ഥികളുടെ പരാതിയില്‍ മനുഷ്യാവകാശ കമ്മീഷനും കഴിഞ്ഞ ദിവസം ഇടപെട്ടിരുന്നു. ഡിവൈഎസ്പി റാങ്കില്‍ കുറയാത്ത ഉദ്യോഗസ്ഥന്‍ പരാതികള്‍ അന്വേഷിക്കണമെന്നായിരുന്നു കമ്മീഷന്‍ നിര്‍ദ്ദേശം.

ഇതുസംബന്ധമായ പരാതി വളരെ നേരത്തെ തന്നെ പേരൂര്‍ക്കട പൊലീസിന് നല്‍കിയിരുന്നെങ്കിലും ഇതുവരെ കേസെടുത്തിരുന്നില്ല. രാജി പ്രശ്‌നത്തില്‍ വിദ്യാര്‍ത്ഥികളുമായി ഉടക്കിയതോടെയാണ് സര്‍ക്കാരും ഇപ്പോള്‍ നിലപാട് കര്‍ക്കശമാക്കിയിരിക്കുന്നത്.

ലക്ഷ്മി നായര്‍ സ്ഥാനമൊഴിയുകയായിരുന്നുവെങ്കില്‍ സമവായത്തിലൂടെ പരാതി പിന്‍വലിക്കാന്‍ ഒരുപക്ഷെ വിദ്യാര്‍ത്ഥികള്‍ തയ്യാറാകുമായിരുന്നു. എന്നാല്‍ വെല്ലുവിളിയുമായി ലക്ഷ്മി നായര്‍ മുന്നോട്ട് പോയതോടെ ഈ സാധ്യതകളെല്ലാം അടയുകയായിരുന്നു.

Top