police case against Nehru College chairman kishnadas

തൃശൂര്‍: പാമ്പാടി നെഹ്‌റു കോളെജ് ചെയര്‍മാന്‍ പി.കൃഷ്ണദാസിനെതിരെ പൊലീസ് രണ്ടാമത്തെ കേസും ചുമത്തി. വിദ്യാര്‍ഥികളെ കൊല്ലുമെന്ന് ഭീഷണിപ്പെടുത്തിയെന്ന രക്ഷിതാക്കളുടെ പരാതിയില്‍ മൂന്ന് വര്‍ഷം തടവ് ശിക്ഷ ലഭിച്ചേക്കാവുന്ന ഇന്ത്യന്‍ ശിക്ഷാനിയമം 506/1 വകുപ്പ് അനുസരിച്ചാണ് പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്.

കഴിഞ്ഞ ദിവസം കുട്ടികളുടെ രക്ഷിതാക്കള്‍ മുഖ്യമന്ത്രി, വിദ്യാഭ്യാസ മന്ത്രി, ഡി.ജി.പി എന്നിവര്‍ക്ക് നല്‍കിയ പരാതിയിലാണ് നടപടി. പരാതിയില്‍ ജിഷ്ണുവിന്റെ ദുരൂഹമരണത്തെക്കുറിച്ച് അന്വേഷിക്കുന്ന പ്രത്യേക അന്വേഷണ സംഘം വടക്കാഞ്ചേരി മജിസ്‌ട്രേറ്റ്ട്ട് കോടതിയില്‍ അപേക്ഷ നല്‍കിയിരുന്നു. തുടര്‍ന്നാണ് കോടതി നിര്‍ദ്ദേശപ്രകാരം പഴയന്നൂര്‍ പൊലീസ് കൃഷ്ണദാസിനെതിരെ കേസെടുത്തിരിക്കുന്നത്.

സമരം തുടര്‍ന്നാല്‍ വിദ്യാര്‍ഥികളെ ആശുപത്രിയിലോ, മോര്‍ച്ചറിയിലോ കാണേണ്ടി വരുമെന്നും തനിക്ക് പണവും സ്വാധീനവുമുണ്ടെന്നും കേസൊന്നും ഉണ്ടാവില്ലെന്ന് ഭീഷണിപ്പെടുത്തിയതായും കുട്ടികളുടെ ജീവന് ഭീഷണിയുണ്ടെന്നും അടിയന്തര നടപടി സ്വീകരിക്കണമെന്നും ആവശ്യപ്പെട്ടായിരുന്നു രക്ഷിതാക്കളുടെ പരാതി.

ജിഷ്ണുവിന്റെ മരണത്തില്‍ മര്‍ദ്ദനവും ഗൂഢാലോചനയും ചുമത്തി കഴിഞ്ഞ ദിവസം കൃഷ്ണദാസിനെ ഒന്നാം പ്രതിയാക്കി അന്വേഷണ സംഘം കോടതിയില്‍ റിപ്പോര്‍ട്ട് നല്‍കിയതിന് പിന്നാലെയാണ് വധഭീഷണി പരാതിയിലും കേസെടുത്തിട്ടുള്ളത്. ഇതിനിടെ കൃഷ്ണദാസിനെ അറസ്റ്റ് ചെയ്യണമെന്നാവശ്യപ്പെട്ട് വിദ്യാര്‍ഥികളുടെ പ്രതിഷേധം കോളേജിന് മുന്നില്‍ തുടരുകയാണ്.

Top