കൗമാരക്കാരിയുടെ മരണം; മുംബൈയിൽ ഡോക്ട‌ർക്കെതിരെ പൊലീസ് കേസ്

മുംബൈ: കൗമാരക്കാരിയായ പെൺകുട്ടിയുടെ മരണവുമായി ബന്ധപ്പെട്ട് ഡോക്ട‌ർക്കെതിരെ പൊലീസ് കേസെടുത്തു. മുംബൈ മലാഡിലെ ക്ലിനിക്കിലാണ് പെൺകുട്ടിയുടെ മൃതദേഹം കണ്ടെത്തിയത്. ആത്മഹത്യാ പ്രേരണ കുറ്റവും ബലാത്സംഗ കുറ്റവും ചുമത്തിയാണ് കേസെടുത്തത്.

കഴിഞ്ഞ ഡിസംബ‌ർ 28നാണ് സംഭവം നടന്നത്. പെണ്‍കുട്ടി ഡോക്ടറുടെ ക്ലിനിക്കിലാണ് ജോലി ചെയ്തിരുന്നത്. ഈ ക്ലിനിക്കിലാണ് പെൺകുട്ടിയെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. പെൺകുട്ടിയുടെ മരണം അറിഞ്ഞ് നാട്ടുകാ‌ർ പൊലീസിൽ വിവരമറിയിക്കുകയായിരുന്നു. കുരാ‌ർ പൊലീസ് ​ഉടന്‍ സ്ഥലത്തെത്തുകയും മൃതദേഹം പോസ്റ്റ്‌മോർട്ടത്തിനായി തൊട്ടടുത്തുള്ള സർക്കാർ ആശുപത്രിയിലേക്ക് എത്തിക്കുകയും ചെയ്തു.

പെൺകുട്ടിയുടെ അമ്മയുടെ പരാതിയുടെ അടിസ്ഥാനത്തിലാണ് പൊലീസ് കേസെടുത്തത്. ത​ന്റെ മകൾ ജീവനൊടുക്കില്ലെന്ന് പെൺകുട്ടിയുടെ അമ്മ പറഞ്ഞു. ഡോക്ടര്‍ അപമര്യാദയായി പെരുമാറുന്നതായി മകൾ പലതവണ പരാതിപ്പെട്ടിട്ടുണ്ടെന്നും അമ്മ പൊലീസിനോട് പറഞ്ഞു. പരാതിയുടെ അടിസ്ഥാനത്തിൽ ഐപിസി സെക്ഷൻ 306 (ആത്മഹത്യാ പ്രേരണ), 376 (ബലാത്സംഗം), ജുവനൈൽ ജസ്റ്റിസ് ആക്ട്, കുട്ടികള്‍ക്കെതിരായ ലൈംഗിക കുറ്റകൃത്യം തടയല്‍ നിയമം (പോക്‌സോ ആക്ട്) എന്നീ വകുപ്പുകൾ പ്രകാരം ഡോക്ടർക്കെതിരെ കേസെടുത്തു. ഡോക്ടറുടെ പേര് ഉള്‍പ്പെടെയുള്ള മറ്റ് വിവരങ്ങള്‍ പൊലീസ് പുറത്തുവിട്ടിട്ടില്ല. പരാതിയില്‍ അന്വേഷണം തുടങ്ങിയെന്ന് പൊലീസ് അറിയിച്ചു.

Top