വൻ പൊലീസ് സംഘം പാലക്കാട്ട് ക്യാംപ് ചെയ്യുന്നു, ആശങ്ക വ്യാപകം

പാലക്കാട്: ആർഎസ്എസ്- എസ്.ഡി.പി.ഐ സംഘർഷം രൂക്ഷമായ പാലക്കാട്ടേക്ക് കൂടുതൽ പൊലീസ്. വിവിധ ജില്ലകളിൽ നിന്നാണ് കൂടുതൽ പൊലീസിനെ വിന്യസിച്ചിരിക്കുന്നത്. എ.ഡി.ജി.പി, ഡി.ഐ.ജി എന്നിവർ പാലക്കാട്ട് ക്യാംപ് ചെയ്യാനും തീരുമാനമായി.

ആര്‍എസ്എസ് മുന്‍ ശാരീരിക് ശിക്ഷക് പ്രമുഖ് ശ്രീനിവാസനാണ് (45) ആണ് ഒടുവില്‍ കൊല്ലപ്പെട്ടത്. പാലക്കാട് മേലാമുറിയില്‍ വെച്ച് ശനിയാഴ്ച്ച ഉച്ചയോടെയാണ് ശ്രീനിവാസന് വെട്ടേറ്റത്. ശ്രീനിവാസനെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. ഗുരുതര പരിക്കുകളാണ് ശ്രീനിവാസനേറ്റിരുന്നത്. കൈക്കും കാലിനും തലയുടെ ഭാഗത്തും ശ്രീനിവാസന് വെട്ടേറ്റിരുന്നു. പാലക്കാട്ടെ എസ് കെ എസ് ഓട്ടോസ് എന്ന സ്ഥാപനം നടത്തുന്ന ആളാണ് ശ്രീനിവാസന്‍. കടയുടെ ഉള്ളില്‍ ഇരിക്കുകയായിരുന്നു ശ്രീനിവാസനെ രണ്ട് ബൈക്കുകളിലായെത്തിയ അഞ്ചംഗം സംഘം ആക്രമിച്ചെന്നാണ് ദൃക്‌സാക്ഷി മൊഴി നല്‍കിയിരിക്കുന്നത്. ഉച്ചയ്ക്ക് ഒരുമണിയോടെ ആയിരുന്നു സംഭവം.

കൊലപാതകത്തിന് പിന്നിൽ എസ്‍ഡിപിഐ ആണെന്ന് ബിജെപി ആരോപിച്ചിട്ടുണ്ട്. കൊലപാതകം നടന്ന മേലാമുറിയിൽ കനത്ത പൊലീസ് കാവലാണ് ഒരുക്കിയിരിക്കുന്നത്.

എസ്.ഡി.പി.ഐ പ്രവർത്തകനായ എലപുള്ളിയിൽ, പോപ്പുലർ ഫ്രണ്ട് നേതാവിനെ വെട്ടിക്കൊന്ന് 24 മണിക്കൂർ കഴിയും മുൻപാണ് ജില്ലയെ നടുക്കിയ രണ്ടാമത്തെ കൊലപാതകവും നടന്നിരിക്കുന്നത്. പോപ്പുലർ ഫ്രണ്ട് എലപ്പുള്ളി ഏരിയാ പ്രസിഡൻറ് കുത്തിയതോട് സ്വദേശി സുബൈർ പാറ (47)ആണ് മുൻപ് കൊല്ലപ്പെട്ടിരുന്നത്. ജുമുഅ നമസ്കാരം കഴിഞ്ഞ് പിതാവിനൊപ്പം മടങ്ങും വഴി വെള്ളിയാഴ്ച ഉച്ചക്ക് ഒന്നരക്ക് രണ്ടു കാറുകളിൽ എത്തിയ സംഘം ബൈക്ക് ഇടിച്ചു വീഴ്ത്തിയ ശേഷം അദ്ദേഹത്തെ വെട്ടി കൊലപ്പെടുത്തുകയാണ് ഉണ്ടായത്.

എലപ്പുള്ളിയിലെ ആർഎസ്എസ് നേതാവ് സഞ്ജിത്ത് വധക്കേസിൻ്റെ തുടർച്ചയായാണ് എസ്.ഡി.പി.ഐ പ്രവർത്തകൻ സുബൈർ കൊല്ലപ്പെട്ടിരുന്നത്. സഞ്ജിത്ത് കേസിൽ അന്വേഷണസംഘം കുറ്റപത്രം സമർപ്പിച്ചെങ്കിലും, പ്രതികളെ ഇനിയും പിടിക്കുടാനുണ്ട്.

Top