വെടിയുണ്ടകള്‍ കാണാതായ സംഭവം; എസ്ഐ റെജി ബാലചന്ദ്രനെ കസ്റ്റഡിയില്‍ വിട്ടു

തിരുവനന്തപുരം: പൊലീസ് സായുധ ക്യാമ്പിലെ വെടിയുണ്ട കാണാതായ കേസില്‍ അറസ്റ്റിലായ എസ് ഐ റെജി ബാലചന്ദ്രനെ ക്രൈം ബ്രാഞ്ച് കസ്റ്റഡിയില്‍ വിട്ടു. രണ്ട് ദിവസത്തേക്കാണ് റെജിയെ ക്രൈം ബ്രാഞ്ചിന്റെ കസ്റ്റഡിയില്‍ വിട്ടത്. സംഭവത്തില്‍ അന്വേഷണം ഉന്നത ഉദ്യോഗസ്ഥരിലേക്കും നീങ്ങുമെന്നാണ് വിവരം.

വെടിയുണ്ടകളുടെയും തിരകളുടെയും ചുമതലയുണ്ടായിരുന്ന ഇന്‍സ്‌പെക്ടര്‍മാരെയും അസിസ്റ്റന്റ് കമാന്‍ഡര്‍മാരെയും ക്രൈംബ്രാഞ്ച് ചോദ്യം ചെയ്യും. ഇപ്പോഴത്തെ എസ്എപി അസിസ്റ്റന്റ് കമാന്‍ഡന്റ് ഷാജിമോന്‍, ഇന്‍സ്‌പെക്ടറായിരുന്ന കാലയളവില്‍ മാത്രം 3000ല്‍ അധികം വെടിയുണ്ടകള്‍ കാണാതായെന്നാണ് വിവരാവകാശ രേഖ വ്യക്തമാക്കുന്നത്.

പതിനൊന്ന് പൊലീസുകാരെ പ്രതിയാക്കിയാണ് ക്രൈംബ്രാഞ്ച് കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം നടത്തുന്നത്. ഇതില്‍ ഒന്‍പതാം പ്രതിയായ എസ്‌ഐ ഷാജി ബാലചന്ദ്രനെ ഇന്നലെ അറസ്റ്റ് ചെയ്തിരുന്നു. ഇവരെല്ലാം ആയുധപ്പുരയുടെ ചുമതലയുണ്ടായിരുന്ന ഉദ്യോഗസ്ഥര്‍ മാത്രമായിരുന്നു. എന്നാല്‍ എല്ലാ മാസവും വെടിയുണ്ടകളുടെ കണക്കെടുക്കേണ്ടതിന്റെയും പരിശോധന നടത്തേണ്ടതിന്റെയും ഉത്തരവാദിത്വം ഉന്നത ഉദ്യോഗസ്ഥര്‍ക്കുമുണ്ട്. അതിനാല്‍ വെടിയുണ്ടകള്‍ കാണാതായ സംഭവത്തില്‍ ഉന്നത ഉദ്യോഗസ്ഥര്‍ക്കും വ്യക്തമായ അറിവും പങ്കും ഉണ്ടെന്ന നിഗമനത്തിലാണ് ക്രൈംബ്രാഞ്ച്.

Top