Police busts kidney racket, 2 staffers of top Delhi hospital among 5 arrested

ന്യൂഡല്‍ഹി: കിഡ്‌നി റാക്കറ്റുമായി ബന്ധപ്പെട്ട് സൗത്ത് ഡല്‍ഹി ഇന്ദ്രപ്രസ്ഥ അപ്പോളോ ആശുപത്രിയിലെ ജീവനക്കാരടക്കം അഞ്ച് പേര്‍ അറസ്റ്റില്‍.

ആശുപത്രിയിലെ സീനിയര്‍ ഡോക്ടറുടെ പേഴ്‌സണല്‍ സ്റ്റാഫുകളായ അദിത്യ സിങ്, ശൈലേഷ് സക്‌സേന, കിഡ്‌നി റാക്കറ്റില്‍പ്പെട്ട അസീം സിക്ദാര്‍, സത്യ പ്രകാശ്, ദേവാശിഷ് മൗലി എന്നിവരാണ് അറസ്റ്റിലായത്.

കിഡ്‌നി വിറ്റവകയില്‍ സ്ത്രീക്ക് നല്‍കാമെന്നേറ്റ തുകയുടെ പകുതിയാണ് ഇടനിലക്കാര്‍ കൈമാറിയത്. ബാക്കിതുക ആവശ്യപ്പെട്ട് ദാതാവും ഇടനിലക്കാരനും തമ്മില്‍ ആശുപത്രിയില്‍വെച്ച് വാക്കേറ്റം നടന്നു.

ഇതേതുടര്‍ന്ന് വാക്കുതര്‍ക്കം പരിഹരിക്കാന്‍ ആശുപത്രി അധികൃതര്‍ പൊലീസിനെ വിളിച്ചുവരുത്തി. പൊലീസ് കസ്റ്റഡിയിലെടുത്തവരെ വിശദമായി ചോദ്യം ചെയ്തപ്പോഴാണ് കിഡ്‌നി റാക്കറ്റിനെകുറിച്ചുള്ള വിവരങ്ങള്‍ പുറത്തായത്.

അദിത്യ, ശൈലേഷ് എന്നിവര്‍ക്കു വേണ്ടി നാല് ലക്ഷം രൂപ വരെ വിലക്ക് അസീം, സത്യ, ദേവാശിഷ് എന്നിവരാണ് കിഡ്‌നി ദാതാക്കളുമായി കച്ചവടം ഉറപ്പിക്കുന്നത്.

ഇത് 25 മുതല്‍ 30 ലക്ഷം രൂപ വരെ വിലക്ക് കിഡ്‌നി ആവശ്യക്കാര്‍ക്ക് ആശുപത്രി അധികൃതര്‍ കൈമാറും. ഇടനിലക്കാര്‍ക്ക് രണ്ട് ലക്ഷത്തോളം രൂപ കമീഷന്‍ ലഭിക്കും.

സമാനരീതിയില്‍ കഴിഞ്ഞ ആറു മാസത്തിനിടെ അഞ്ച് നിയമവിരുദ്ധ അവയവദാനങ്ങള്‍ നടന്നതായും പൊലീസ് വ്യക്തമാക്കുന്നു.

അവയവദാനത്തിന്റെ നിയമങ്ങള്‍ പ്രതികള്‍ കൃത്യമായി പാലിച്ചില്ലെന്ന് പൊലീസ് അറിയിച്ചു. പ്രതികള്‍ക്കെതിരെ സരിത വിഹാര്‍ പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്തു.

കിഡ്‌നി റാക്കറ്റിനെ കുറിച്ച് അന്വേഷണം ആരംഭിച്ചതായും ആശുപത്രി ജീവനക്കാരടക്കമുള്ള പ്രതികളെ വിശദമായി ചോദ്യം ചെയ്യുമെന്നും പൊലീസ് അറിയിച്ചു.

Top