പൊലീസ് സ്റ്റേഷനില്‍ സൂക്ഷിച്ച ബുദ്ധപ്രതിമ കാണാതായി, ഹെഡ് കോണ്‍സ്റ്റബിളിനെതിരെ കേസ്

പിലിബിത്ത്: ബുദ്ധപ്രതിമ കാണാതായ സംഭവത്തില്‍ പൊലീസുകാരനെതിരെ കേസ്. ഉത്തര്‍പ്രദേശ് പുരൻപൂർ കോട്വാലി പൊലീസ് സ്റ്റേഷനിലാണ് സംഭവം. എസ്പി അതുൽ ശർമ്മയുടെ ഉത്തരവിനെത്തുടർന്ന് ഗൗതം ബുദ്ധന്റെ വിഗ്രഹം കാണാതായ സംഭവത്തിൽ പൊലീസ് സ്റ്റോർ ഹൗസിന്റെ ചുമതലയുണ്ടായിരുന്ന ഹെഡ് കോൺസ്റ്റബിളിനെതിരെ കേസെടുത്തത്. 2006ൽ ഔദ്യോഗികമായി സൂക്ഷിച്ച വിഗ്രഹം കാണാതായതായി വ്യക്തമായതിനെ തുടര്‍ന്നാണ് കേസെടുത്തതെന്ന് അധികൃതര്‍ അറിയിച്ചു. സമിതിയുടെ പരിശോധനയിലാണ് വിഗ്രഹം കാണാതായതായി മനസ്സിലായത്. കോടതി ഉത്തരവിനെ തുടര്‍ന്ന് പുരൻപൂരിലെ സർക്കിൾ ഓഫീസർ (സിഒ) സുനിൽ ദത്തിന്റെ നേതൃത്വത്തിലുള്ള കമ്മിറ്റിയാണ് പരിശോധന നടത്തിയത്.

2006-ൽ ഒരു ക്ഷേത്രത്തിൽ നിന്നാണ് മോഷ്ടാക്കൾ വിഗ്രഹം മോഷ്ടിച്ചത്. പൊലീസ് എഫ്‌ഐആർ രജിസ്റ്റർ ചെയ്യുകയും മോഷ്ടാക്കളെ അറസ്റ്റ് ചെയ്യുകയും ചെയ്തു. വിഗ്രഹം പരിശോധിക്കാന്‍ പൊലീസ് ആഗ്രയിലെ ആർക്കിയോളജിക്കൽ സർവേ ഓഫ് ഇന്ത്യയുടെ ഓഫീസിലേക്ക് അയച്ചു. വിഗ്രഹം എട്ട് ലോഹങ്ങൾ കൊണ്ട് നിർമ്മിച്ചതാണെന്നും നാല് കിലോ ഭാരമുള്ള വിഗ്രഹത്തിന്‍റെ മൂല്യം എത്രയാണെന്ന് കണ്ടെത്താനായില്ലെന്നും പൊലീസ് അറിയിച്ചു. തുടര്‍ന്നാണ് വിഗ്രഹം പൊലീസ് സ്റ്റോര്‍ മുറിയിലേക്ക് മാറ്റിയത്.

വിഗ്രഹം കാണാതായതുമായി ബന്ധപ്പെട്ട് പുരൻപൂർ കോട്വാലി പൊലീസ് സ്റ്റേഷനിലെ എസ്എച്ച്ഒ രേഖാമൂലം പരാതി നൽകുകയും അന്നത്തെ സംഭരണശാലയുടെ ചുമതലയുണ്ടായിരുന്ന അമർനാഥ് യാദവ് ഉൾപ്പെടെയുള്ളവർക്കെതിരെ ഐപിസി സെക്ഷൻ 409 പ്രകാരം കേസെടുത്തു. വിഗ്രഹം കണ്ടെത്തി കോടതിയിൽ ഹാജരാക്കാനുള്ള ശ്രമങ്ങൾ തുടരുകയാണെന്ന് സിഒ എസ്പി പറഞ്ഞു.

Top