മനുഷ്യക്കടത്ത്; പിന്നില്‍ ഡല്‍ഹി കേന്ദ്രീകരിച്ചു പ്രവര്‍ത്തിക്കുന്ന സംഘമെന്ന് സൂചന

വൈപ്പിന്‍: മുനമ്പത്തു നിന്നും ഓസ്‌ട്രേലിയയിലേക്ക് കടക്കാന്‍ എത്തിയ സംഘത്തെ കുറിച്ചു വ്യക്തമായ വിവരങ്ങള്‍ ലഭിച്ചതായി പൊലീസ്.

മത്സ്യബന്ധന ബോട്ടില്‍ ഓസ്‌ട്രേലിയയിലേക്കു നടന്ന മനുഷ്യക്കടത്തിനു പിന്നില്‍ ഡല്‍ഹി കേന്ദ്രീകരിച്ചു പ്രവര്‍ത്തിക്കുന്ന രാജ്യാന്തര മനുഷ്യക്കടത്ത് സംഘമാണെന്നാണ് പൊലിസിനു സൂചന ലഭിച്ചിരിക്കുന്നത്. സംഭവത്തില്‍ അന്വേഷണം പുരോഗമിക്കുകയാണെന്ന് പൊലീസ് പറഞ്ഞു.

അതേസമയം, മുനമ്പം മനുഷ്യക്കടത്ത് കേസില്‍ മുനമ്പത്തും ചോറ്റാനിക്കരയിലും റിസോര്‍ട്ടുകളില്‍ പരിശോധന തുടങ്ങി. ചോറ്റാനിക്കരയില്‍ മൂന്നിടത്തും മുനമ്പത്ത് രണ്ടിടത്തുമാണ് പരിശോധന.

മുനമ്പം മനുഷ്യക്കടത്ത് സംഘം ചെറായിയില്‍ പിറന്നാള്‍ സല്‍ക്കാരം ഒരുക്കിയതിനുള്ള തെളിവുകള്‍ ലഭിച്ചിട്ടുണ്ട്. സംഘത്തിലെ യുവതി പ്രസവിച്ചതിന് പിന്നാലെയായിരുന്നു ആഘോഷം നടന്നത്. ജനുവരി മൂന്നിന് റിസോര്‍ട്ടില്‍ നടന്ന പരിപാടിയില്‍ കുട്ടിക്ക് സമ്മാനിച്ച വളകള്‍ ഉപേക്ഷിച്ച ബാഗില്‍ നിന്ന് കിട്ടി. വളകള്‍ വാങ്ങിയത് പറവൂരിലെ ജ്വല്ലറിയില്‍ നിന്നാണെന്നും തെളിഞ്ഞു.

മുന്‍പ് നടന്ന മനുഷ്യക്കടത്തുകളുടെ പശ്ചാത്തലത്തില്‍ ഇന്റലിജന്‍സ് നല്‍കിയിരുന്ന മുന്നറിയിപ്പുകള്‍ ലോക്കല്‍ പൊലീസ് അവഗണിച്ചതായി റിപ്പോര്‍ട്ടുകള്‍ പുറത്തു വന്നു. റൂറല്‍ പ്രദേശത്തെ ഹാര്‍ബറുകളില്‍ ജാഗ്രത വേണമെന്നും ബോട്ടുകളുടെയും കടലില്‍പോകുന്നവരുടെയും കണക്കെടുക്കാനും ഇന്റലിജന്‍സ് നിര്‍േദശിച്ചിരുന്നു. കൂടുതലായി ബോട്ടുകള്‍ വന്നാലും പോയാലും തിരിച്ചറിയണമെന്ന നിര്‍ദേശവും പൂര്‍ണമായും അവഗണിച്ചു.

Top