കൊല്ലം ബൈപ്പാസിൽ ടോൾ പിരിവ് നീക്കം തടഞ്ഞ് പൊലീസ്

കൊല്ലം:  കൊല്ലം ബൈപ്പാസില്‍ ഇന്നുമുതല്‍ ടോള്‍ പിരിവ് തുടങ്ങാനുള്ള നീക്കം പൊലീസ് തടഞ്ഞു. ജില്ലാ ഭരണകൂടത്തിന്റെ അനുമതി ലഭിക്കാതെ ടോള്‍ പിരിവ് നടത്താനാവില്ലെന്ന് വ്യക്തമാക്കിയാണ് പോലീസ് ടോള്‍ പിരിവ് തടഞ്ഞത്. അതേസമയം, ടോൾ പിരിവ് തുടങ്ങുന്നതിൽ സാവകാശം ചോദിച്ചിരുന്നതായി കലക്ടർ പറ‍ഞ്ഞു. കമ്പനി മറുപടിയൊന്നും നൽകിയില്ലെന്നും അദ്ദേഹം വ്യക്തമാക്കി.

ടോള്‍ പ്ലാസ രാവിലെ എട്ടുമണിമുതല്‍ പ്രവര്‍ത്തിച്ചുതുടങ്ങുമെന്നാണ് കരാര്‍ കമ്പനി അധികൃതര്‍ വാട്‌സാപ്പ് സന്ദേശത്തിലൂടെ ജില്ലാ ഭരണകൂടത്തെ അറിയിച്ചിരുന്നത്. ടോള്‍പിരിവിന് അനുമതിനല്‍കിക്കൊണ്ട് കേന്ദ്ര ഉത്തരവ് ജനുവരി ആദ്യം ഇറങ്ങിയിരുന്നു. ജനുവരി 16-ന് ടോള്‍ പിരിവ് തുടങ്ങുമെന്ന അറിയിപ്പും വന്നു.

ടോള്‍ പിരിവ് തുടങ്ങുന്ന പശ്ചാത്തലത്തില്‍ രാവിലെ എട്ടുമുതല്‍ യുവജന സംഘടനകള്‍ പ്രതിഷേധ പരിപാടികള്‍ സംഘടിപ്പിച്ചിരുന്നു. അതിനുമുമ്പ് തന്നെ സംഘര്‍ഷമൊഴിവാക്കാന്‍ സംഭവസ്ഥലത്തെത്തിയ പോലീസ് ടോള്‍ പിരിവ് നടത്താനാവില്ലെന്ന് കമ്പനിയെ അറിയിച്ചു.ടോള്‍ ബൂത്തുകള്‍ പൂട്ടുകയും കമ്പനി അധികതൃതരെ മടക്കി അയയ്ക്കുകയും ചെയ്തു.

Top