പൊലീസുകാരെ മര്‍ദിച്ച സംഭവം ; നാല് എസ്എഫ്‌ഐ പ്രവര്‍ത്തകര്‍ അറസ്റ്റില്‍

arrest

തിരുവനന്തപുരം: തിരുവനന്തപുരത്ത് പൊലീസിന് എസ്എഫ്‌ഐക്കാരുടെ മര്‍ദനമേറ്റ സംഭവത്തില്‍ നാല് പേര്‍ അറസ്റ്റില്‍. യൂണിവേഴിസിറ്റി കോളേജിലെ വിദ്യാര്‍ഥികളേയാണ് അറസ്റ്റ് ചെയ്തത്.

അതേസമയം അറസ്റ്റ് വൈകുന്നതില്‍ പൊലീസിന് വീഴ്ചയെന്ന് റിപ്പോര്‍ട്ട് വന്നിരുന്നു. അക്രമമുണ്ടായ ശേഷവും പൊലീസ് നിര്‍ജീവമായെന്ന് രഹസ്യാന്വേഷണ വിഭാഗത്തിന്റെ കണ്ടെത്തലിന് പിന്നാലെയാണ് അറസ്റ്റ് ഉണ്ടായിരിക്കുന്നത്.

സിഗ്‌നല്‍ ലംഘിച്ച ബൈക്ക് തടഞ്ഞതിന്റെ പേരില്‍ ട്രാഫിക് ഡ്യൂട്ടിയിലുണ്ടായിരുന്ന പൊലീസുകാരെ എസ്എഫ്‌ഐ പ്രവര്‍ത്തകര്‍ കഴിഞ്ഞ ദിവസമാണ് നടുറോഡില്‍ ക്രൂരമായി മര്‍ദിച്ചത്. എസ്എപി ക്യാമ്പിലെ പൊലീസുകാരായ വിനയചന്ദ്രന്‍, ശരത്, എന്നിവര്‍ക്കാണു മര്‍ദനമേറ്റത്. തിരുവനന്തപുരത്തു പാളയം യുദ്ധസ്മാരകത്തിനു സമീപത്തുവച്ചു ബുധനാഴ്ച വൈകിട്ടാണ് മര്‍ദനമേറ്റത്. ആക്രമണത്തില്‍ പരുക്കേറ്റ പൊലീസുകാര്‍ തിരുവനന്തപുരം ജനറല്‍ ആശുപത്രിയില്‍ ചികിത്സയിലാണ്.

ബൈക്ക് തടഞ്ഞതിന്റെ പേരില്‍ തര്‍ക്കമുണ്ടായ ഉടന്‍ യൂണിവേഴ്‌സിറ്റി കോളേജിനു സമീപത്തുനിന്ന് എത്തിയ യുവാക്കള്‍ പൊലീസുകാരെ ആക്രമിക്കുകയായിരുന്നു. അക്രമികളെ പൊലീസ് കസ്റ്റഡിയിലെടുത്തെങ്കിലും സ്ഥലത്തെത്തിയ എസ്എഫ്‌ഐ നേതാക്കള്‍ ഇവരെ പൊലീസ് കസ്റ്റഡിയില്‍നിന്ന് ഇറക്കിക്കൊണ്ടുപോവുകയായിരുന്നു.

യൂണിഫോമിലായിരുന്ന പൊലീസുകാരെ എസ്എഫ്‌ഐ പ്രവര്‍ത്തകര്‍ മര്‍ദിക്കുന്നതു സഹപ്രവര്‍ത്തകരായ പൊലീസുകാരും നാട്ടുകാരും നോക്കിനില്‍ക്കുന്നതിന്റെ വീഡിയോ ദൃശ്യങ്ങള്‍ പുറത്തുവന്നിരുന്നു.

Top