ഓട്ടോ ഡ്രൈവറെ പൊലീസ് മര്‍ദ്ദിച്ചു; റോഡ് ഉപരോധിച്ച് ഡിവൈഎഫ്ഐ

ഇടുക്കി: വാഹനം പാര്‍ക്ക് ചെയ്യാനെത്തിയ ഓട്ടോ ഡ്രൈവറെ പൊലീസ് ആക്രമിച്ചെന്നാരോപിച്ച് ഡിവൈഎഫ്ഐ പ്രവര്‍ത്തകര്‍ അന്തര്‍സംസ്ഥാനപാത ഉപരോധിച്ചു. മൂന്നാര്‍ കോളനി സ്റ്റാന്‍ഡിലെ ഓട്ടോ ഡ്രൈവര്‍ മുകേഷിനെയാണ് ഡ്യൂട്ടിയിലുണ്ടായിരുന്ന സിവില്‍ ഓഫീസര്‍ മര്‍ര്‍ദ്ദിച്ചെത്. ശനിയാഴ്ച ഉച്ചയോടെയായിരുന്നു സംഭവം.

രാവിലെ മുകേഷ് ഓട്ടോയുമായി സാധനങ്ങള്‍ കയറ്റുന്നതിന് ടൗണിലെ മാര്‍ക്കറ്റ് കവലയില്‍ വാഹനം നിര്‍ത്തിയെങ്കിലും പൊലീസുകാരന്‍ സമ്മതിച്ചില്ല. ഇതോടെ ഓട്ടം ഒഴിവാക്കി സ്റ്റാന്‍ഡിലേക്ക് മടങ്ങി. ഉച്ചയോടെ മടങ്ങിയെത്തി തിരക്കില്ലാത്ത ഭാഗത്ത് ഓട്ടോ നിര്‍ത്തി സാധനങ്ങള്‍ വാഹനത്തില്‍ കയറ്റുന്നതിനിടെ ഇയാള്‍ വീണ്ടുമെത്തി അസഭ്യം പറയുകയും തന്റെ ചെവിക്ക് അടിക്കുകയുമായിരുന്നെന്ന് മുകേഷ് പറയുന്നു.

സംഭവത്തില്‍ പ്രതിഷേധിച്ച് ഡിവൈഎഫ്ഐ പ്രവര്‍ത്തകര്‍ മൂന്നാര്‍-ഉടുമല്‍പ്പെട്ട അന്തര്‍സംസ്ഥാന പാത ഉപരോധിച്ചു. മൂന്നാര്‍ ടൗണില്‍ കുത്തിയിരുന്ന പ്രവര്‍ത്തകരെ സര്‍ക്കിള്‍ ഇന്‍സ്‌പെട്കര്‍ മനോജിന്റെ നേത്യത്വത്തിലെത്തിയ പൊലീസ് സംഘം മാറ്റാന്‍ ശ്രമിച്ചെങ്കിലും നടന്നില്ല. പൊലീസുകാരനെതിരെ നടപടി സ്വീകരിക്കാമെന്ന ഉറപ്പിനെ തുടര്‍ന്നാണ് പ്രവര്‍ത്തകര്‍ സമരം അവസാനിപ്പിച്ചത്. എന്നാല്‍ പ്രശ്‌നം ഇരുകൂട്ടരും പറഞ്ഞുതീര്‍ക്കാനാണ് നേതാക്കളുടെ ശ്രമം.

 

Top