Police avert ‘terror strike’ in Haridwar, 4 arrested

ന്യൂഡല്‍ഹി: ഉത്തരാഖണ്ഡിലെ മംഗലൂരില്‍ നിന്ന് ഐ.എസ് ബന്ധമുണ്ടെന്നു കരുതുന്ന നാലു ഭീകരരെ പൊലീസ് അറസ്റ്റ് ചെയ്തു. അഖ്‌ലാഖു റഹ്മാന്‍, മുഹമ്മദ് ഉസാമ, മുഹമ്മദ് അസിം, മെഹ്‌റൂസ് എന്നിവരാണ് അറസ്റ്റിലായത്.

മുന്‍ ഇന്ത്യന്‍ മുജാഹിദ്ദീന്‍ പ്രവര്‍ത്തകനെ കാണാന്‍ പോകുന്നതിനിടയിലാണ് ഇവരുടെ അറസ്റ്റെന്ന് ഡല്‍ഹി പോലീസ് സ്‌പെഷല്‍ സെല്‍ പറഞ്ഞു. 19നും 23നും ഇടയില്‍ പ്രായമുള്ളവരാണ് പിടിയിലായ ഭീകരര്‍.

ഇതോടെ റിപ്പബ്ലിക് ദിനാഘോഷങ്ങള്‍ക്ക് മുന്നോടിയായി ഹരിദ്വാറിലെ അര്‍ധ കുംഭമേളയെ ലക്ഷ്യംവച്ചുള്ള ഭീകരപദ്ധതി തകര്‍ത്തതായി ഡല്‍ഹി പൊലീസ് അറിയിച്ചു.

അവിടേക്കു പോകുന്ന ചില ട്രെയിനുകളും ഡല്‍ഹിയിലെ ഷോപ്പിങ് മാളുകളുള്‍പ്പെടെയുള്ള ചില തന്ത്രപ്രധാന മേഖലകളും ഇവര്‍ ലക്ഷ്യംവച്ചിരുന്നുവെന്നാണ് സൂചന. ഇതിനായുള്ള പ്രാഥമിക സര്‍വേപോലും ഇവര്‍ നടത്തിയിരുന്നു.

ഐഎസ് ഭീകരര്‍ ഇന്ത്യയേയും ലക്ഷ്യമിടുന്നതായി റിപ്പോര്‍ട്ട് വരാന്‍ തുടങ്ങിയിട്ട് മാസങ്ങളായെങ്കിലും ഇന്ത്യയില്‍ ഐഎസിന്റെ സാന്നിധ്യം സ്ഥിരീകരിക്കുന്നത് ഇതാദ്യമാണ്. സ്‌ഫോടക വസ്തുക്കളും ആയുധങ്ങളും സംഭരിക്കുന്ന പ്രവര്‍ത്തനങ്ങള്‍ ഏതാണ്ട് പൂര്‍ത്തിയാക്കാനിരിക്കുകയായിരുന്നു. സാമൂഹ്യമാധ്യമങ്ങളിലൂടെ ഇവര്‍ വിതരണക്കാരുമായി ബന്ധപ്പെട്ടിരുന്നതായി പോലീസ് പറഞ്ഞു.

അഖ്‌ലാഖ് ഉര്‍ റഹ്മാന്‍ റുര്‍ക്കെ പോളിടെക്‌നിക് എഞ്ചിനീയറിങ് മൂന്നാം വര്‍ഷ വിദ്യാര്‍ത്ഥിയാണ്. പരീക്ഷാ ഹാളിലേക്ക് കയറവെയാണ് പോലീസ് ഇയാളെ പിടികൂടിയത്. മുഹമ്മദ് ഒസാമയും അജിസും ബി.എ വിദ്യാര്‍ത്ഥികളായിരുന്നു. മെഹ്‌റാജ് ആയുര്‍വേദ മെഡിക്കല്‍ വിദ്യാര്‍ത്ഥിയുമാണ്.

സംഭവവുമായി ബന്ധപ്പെട്ട മുഴുവന്‍ ഗൂഢാലോചനയും പുറത്തുകൊണ്ടുവരാനുള്ള ശ്രമത്തിലാണ് അന്വേഷണ ഉദ്യോഗസ്ഥര്‍.

Top