പൊലീസ് അസോസിയേഷന് ‘മൂക്ക് കയറിടും’ കടുത്ത നടപടിക്കൊരുങ്ങി മുഖ്യമന്ത്രി . .

തിരുവനന്തപുരം: സി.പി.എം അനുകൂല പൊലീസ് അസോസിയേഷന് കടുത്ത ‘നിയന്ത്രണം’ ഏര്‍പ്പെടുത്തിയേക്കും.പൊലീസില്‍ രാഷ്ട്രീയ അതിപ്രസരം കൂടുന്നത് സേനയുടെ കെട്ടുറപ്പിനെ ബാധിക്കുമെന്ന രഹസ്യാന്വേഷണ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് നീക്കം.

കഴിഞ്ഞ കുറേ വര്‍ഷങ്ങളായി മാറി വരുന്ന സര്‍ക്കാരുകളെ നിയന്ത്രിക്കുന്ന പാര്‍ട്ടികളുടെ വാലായാണ് പൊലീസ് അസോസിയേഷനുകള്‍ പ്രവര്‍ത്തിച്ചു വരുന്നത്.പൊലീസുകാരുടെ മാത്രമല്ല, പൊലീസ് ഉദ്യോഗസ്ഥരുടെ സ്ഥലം മാറ്റം പോലും നിയന്ത്രിക്കുന്നത് അസോസിയേഷന്‍ തലപ്പത്ത് ഇരിക്കുന്ന പൊലീസുകാരായിരുന്നു.

മേലുദ്യോഗസ്ഥര്‍ക്ക് സല്യൂട്ട് പോലും ഈ പൊലീസുകാര്‍ നല്‍കാന്‍ തയ്യാറാവുന്നില്ലെന്ന ആക്ഷേപങ്ങളും നേരത്തെ ഉണ്ടായിരുന്നു.എന്നാല്‍ പിണറായി സര്‍ക്കാര്‍ വന്നതിനു ശേഷം ഇക്കാര്യത്തില്‍ ചില മാറ്റങ്ങള്‍ വരുത്തിയിരുന്നുവെങ്കിലും അസോസിയേഷനില്‍ രാഷ്ട്രീയ അതിപ്രസരം കുറഞ്ഞിട്ടില്ലെന്നതാണ് ഡി.ജി.പിക്ക് നല്‍കിയ രഹസ്യാന്വേഷണ റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നത്.

സി.പി.എം സമ്മേളനങ്ങള്‍ തുടങ്ങുന്നതിനു മുന്‍പ് രക്തസാക്ഷികള്‍ക്ക് അഭിവാദ്യം അര്‍പ്പിച്ച് വിളിക്കുന്ന മുദ്രാവാക്യങ്ങള്‍ സേനയെ വലിയ ചേരിതിരിവിലേക്ക് എത്തിച്ചതായാണ് മുന്നറിയിപ്പ്.രക്തസാക്ഷി അനുസ്മരണം എന്നത് രാഷ്ട്രീയ അക്രമങ്ങളിലും ഭരണകൂട ഭീകരതയുടെ ഭാഗമായും ജീവന്‍ നഷ്ടപ്പെടുന്നവര്‍ക്ക് വേണ്ടിയുള്ളതാണ്.

ചുവപ്പ് ‘പ്രേമം’ മൂത്ത് പൊലീസ് അസോസിയേഷന്‍ സമ്മേളനങ്ങളില്‍ ചുവപ്പ് വസ്ത്രം ധരിച്ച് വന്നവര്‍ തന്നെയാണ് രക്തസാക്ഷി മുദ്രാവാക്യങ്ങളും സമ്മേളനങ്ങളില്‍ ഉയര്‍ത്തുന്നതിനും പിന്നിലത്രെ.ഭരിക്കുന്ന പാര്‍ട്ടിയുടെ പോഷക സംഘടനയെ പോലെ പ്രവര്‍ത്തിക്കുന്നത് തടഞ്ഞില്ലെങ്കില്‍ വലിയ പ്രത്യാഘാതം ഉണ്ടാകുമെന്ന് സീനിയര്‍ ഐ.പി.എസ് ഉദ്യോഗസ്ഥരും ഇതിനകം മുന്നറിയിപ്പ് നല്‍കി കഴിഞ്ഞു.ഈ സാഹചര്യത്തിലാണ് പൊലീസ് അസോസിയേഷന് കര്‍ശന നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തുന്നതിനെ കുറിച്ച് സര്‍ക്കാര്‍ ആലോചിക്കുന്നത്.

മുഖ്യമന്ത്രി പിണറായി വിജയന് ഇപ്പോഴത്തെ സംഭവ വികാസങ്ങളില്‍ കടുത്ത അതൃപ്തിയുണ്ടെന്നാണ് ലഭിക്കുന്ന സൂചന.പൊലീസ് നിയമനങ്ങളില്‍ ഇടപെടുന്നതില്‍ കടുത്ത വിലക്ക് ഏര്‍പ്പെടുത്തി പ്രവര്‍ത്തനങ്ങളില്‍ പുതിയ പെരുമാറ്റ ചട്ടം തന്നെ കൊണ്ടുവരാനാണ് ആലോചന.

Top