Police ask Kolkata colleges to give details of J&K students

ന്യൂഡല്‍ഹി: കൊല്‍ക്കത്തയിലെ കാശ്മീരി വിദ്യാര്‍ത്ഥികളുടെ വിവരങ്ങള്‍ പൊലീസ് തേടുന്നതായുള്ള വാര്‍ത്ത വരുന്നതിനിടെ
വിദ്യാര്‍ത്ഥികള്‍ക്കെതിരെ പൊലീസ് പീഡനമുണ്ടായേക്കുമെന്ന ആശങ്കയുമായി ജമ്മുകാശ്മീര്‍ മുന്‍ മുഖ്യമന്ത്രി ഒമര്‍ അബ്ദുള്ള.
പൊലീസ് നടപടി സംബന്ധിച്ച് പരിശോധിയ്ക്കാന്‍ പശ്ചിമംഗാള്‍ സര്‍ക്കാരിനോട് മുന്‍ മുഖ്യമന്ത്രിയും നാഷണല്‍ കോണ്‍ഫറന്‍സ് നേതാവുമായ ഒമര്‍ ആവശ്യപ്പെട്ടു.

കൊല്‍ക്കത്തയിലെ എല്ലാ കോളേജുകളോടും പൊലീസ് ഇക്കാര്യം ആവശ്യപ്പെട്ടിട്ടുണ്ട്. ട്വിറ്ററിലായിരുന്നു ഒമര്‍ അബ്ദുള്ളയുടെ പ്രതികരണം. ഈ വിഷയം പരിശോധിയ്ക്കാമോ എന്ന് മുഖ്യമന്ത്രി മമത ബാനര്‍ജിയോട് ഒമര്‍ അബ്ദുള്ള ചോദിച്ചു. വിവരം ശേഖരിയ്ക്കുക എന്നത് പീഡനമായി മാറരുതെന്ന് ഒമര്‍ പറഞ്ഞു. ജവഹര്‍ലാല്‍ നെഹ്രു സര്‍വകലാശാലയിലെ വിദ്യാര്‍ത്ഥി പ്രക്ഷോഭത്തിന്റെ പ്രതിഫലനം ജാദവ്പൂര്‍ സര്‍വകലാശാലയിലും ഉണ്ടായിരുന്നു. കാശ്മിരികളുടെ പ്രക്ഷോഭത്തെ അനുകൂലിച്ചും അഫ്‌സല്‍ ഗുരുവിനെ അനുകൂലിച്ചും ജാദവ്പൂര്‍ സര്‍വകലാശാലയില്‍ പ്രകടനവും നടന്നു.

ഫെബ്രുവരി അവസാനം തന്നെ പൊലീസ് കോളേജുകള്‍ക്ക് നോട്ടീസ് നല്‍കി തുടങ്ങിയിരുന്നു. പ്രിന്‍സിപ്പാള്‍മാര്‍ക്കാണ് കത്ത് നല്‍കിയിരിയ്ക്കുന്നത്. ജമ്മുകാശ്മീര്‍ സ്വദേശികളായ വിദ്യാര്‍ത്ഥികളുടെ വിവരങ്ങള്‍ കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന് കൈമാറേണ്ടതുണ്ടെന്നും കേന്ദ്ര സുരക്ഷാ ഏജന്‍സികള്‍ ഇക്കാര്യം ആവശ്യപ്പെട്ടിട്ടുണ്ടെന്നും പൊലീസ് പറയുന്നു.

Top