Police arrests Afghan ‘casanova’

ന്യൂഡല്‍ഹി: പ്രണയം നടിച്ച് പെണ്‍കുട്ടികളില്‍ നിന്ന് പണം തട്ടിയെടുത്ത അഫ്ഗാന്‍ ‘കാസനോവ’ ഡല്‍ഹിയില്‍ അറസ്റ്റില്‍.

അഫ്ഗാന്‍ സ്വദേശിയായ ഹമീദുലാഷ് എന്ന 34 കാരനെയാണ് ഡല്‍ഹി പൊലീസ്‌ അറസ്റ്റ് ചെയ്തത്. 60 ലക്ഷം രൂപ തട്ടിയെടുത്തെന്ന യുഎസ് സ്വദേശിനിയുടെ പരാതിയെത്തുടര്‍ന്നാണ് അറസ്റ്റ്.

രണ്‍വീര്‍ സിങ്ങിന്റെ ലേഡീസ് വേഴ്‌സസ് റിക്കി ബഹല്‍ എന്ന ചിത്രത്തിലെ കാസനോവ സ്വഭാവമുള്ള നായകനെ അനുകരിച്ച് ഒന്നിലധികം പെണ്‍കുട്ടികളെ പ്രണയം നടിച്ചാണ് ഇയാള്‍ തട്ടിപ്പ് നടത്തിയത്.

ബിസിനസുകാരന്‍, ബാങ്ക് ജീവനക്കാര്‍, വക്കീല്‍ എന്നിങ്ങനെ വ്യത്യസ്ത വേഷങ്ങളില്‍ ഉന്നത നിശാ ക്ലബ്ബുകളിലും സോഷ്യല്‍ മീഡിയയില്‍ കൂടിയുമാണ് ഇയാള്‍ സ്ത്രീകളുമായി സൗഹൃദം സ്ഥാപിച്ചിരുന്നത്.

ഫഹീം എം.കെ എന്ന പേരില്‍ കഴിഞ്ഞിരുന്ന ഇയാളെ ഹയാത് ഹോട്ടലിന് സമീപത്തുനിന്നാണ് അറസ്റ്റ് ചെയ്തതെന്ന് ജോയിന്റ് കമ്മീഷണര്‍ രവീന്ദ്ര യാദവ് പറഞ്ഞു.

ഇയാളുടെ ഫേസ്ബുക്ക്, കോള്‍ വിവരങ്ങള്‍ എന്നീ വിവരങ്ങള്‍ ശേഖരിച്ചാണ് പൊലീസ്‌ ഹമീദുലാഷിനെ വലയിലാക്കിയത്. ഇയാള്‍ ഉപയോഗിച്ചിരുന്ന വാഹനങ്ങളും മൊബൈല്‍ ഫോണും പണവും മറ്റും പോലീസ് പിടിച്ചെടുത്തിട്ടുണ്ട്.

12ഓളം പെണ്‍കുട്ടികളെ ഇയാള്‍ ഇത്തരത്തില്‍ കബളിപ്പിച്ചിട്ടുണ്ടെന്ന് പൊലീസ്‌ പറഞ്ഞു. കൂടുതല്‍ അന്വേഷണത്തിന് ശേഷം മാത്രമേ ഇക്കാര്യത്തില്‍ കൂടുതല്‍ വ്യക്തത വരികയുള്ളൂയെന്നും പോലീസ് പറഞ്ഞു.

ഇയാള്‍ക്കെതിരെ ലൈംഗിക അതിക്രമം, വഞ്ചന, കവര്‍ച്ച തുടങ്ങിയ കുറ്റങ്ങള്‍ ചുമത്തി പൊലീസ്‌ കേസെടുത്തിട്ടുണ്ട്.

Top