ട്രിവാൻഡ്രം ക്ലബ്ബിലെ ചീട്ടുകളി; മുറിയെടുത്തത് പൊതുമേഖലാ സ്ഥാപനത്തിലെ എംഡിയുടെ പേരിൽ

തിരുവനന്തപുരം : ട്രിവാൻഡ്രം ക്ലബ്ബിൽ പണം വെച്ച് ചീട്ടുകളിച്ച സംഘം പിടിയിലായ സംഭവത്തിൽ ചീട്ടുകളി സംഘമിരുന്ന മുറി എടുത്തത് പൊതുമേഖലാ സ്ഥാപനത്തിലെ എംഡിയുടെ പേരിൽ. യുണൈറ്റഡ് ഇലക്ട്രിക്കല്‍ ഇന്‍ഡസ്ട്രീസ് എംഡി വിനയകുമാറിന്റെ പേരിലാണ് ചീട്ടുകളി സംഘം മുറിയെടുത്തത്. സംഭവത്തിൽ ട്രിവാന്‍ഡ്രം ക്ലബ്ലില്‍ പണംവച്ച് ചീട്ടുകളിച്ച ഒനപതംഗ സംഘത്തെ പൊലീസ് പിടികൂടിയിരുന്നു. അഞ്ചര ലക്ഷത്തിലധികം രൂപയാണ് ഇവിടെ നിന്നും പിടിച്ചെടുത്തത്. സംഭവത്തിൽ വിനയകുമാർ ഉള്‍പ്പടെ 9 പേർക്കെതിരെയും കേസെടുത്തിട്ടുണ്ട്.

നഗരത്തിലെ സമ്പന്നരുടെ പ്രധാന ക്ലബ്ലായ ട്രിവാന്‍ഡ്രം ക്ലബ്ബില്‍ പൊലീസ് പരിശോധനയ്ക്ക് എത്തിയത് കഴിഞ്ഞ ദിവസം രാത്രി ഏഴുമണിയോടെയാണ്. ക്ലബ്ബിലെ ഏറ്റവും പുറകിലെ അഞ്ചാം നമ്പര്‍ ക്വാട്ടേഴ്സില്‍ പണംവച്ച് ചീട്ടുകളിക്കുന്നുവെന്നായിരുന്നു രഹസ്യവിവരം. പൊലീസ് അകത്തുകയറിയപ്പോള്‍ നടത്തിപ്പുകാര്‍ ഉള്‍പ്പടെ ഏഴംഗ സംഘം മുറിയിലുണ്ടായിരുന്നു. മുറി പരിശോധിച്ചപ്പോള്‍ അഞ്ചുലക്ഷത്തി അറുപതിനായിരം രൂപയാണ് കണ്ടെത്തിയത്. ഇവരുടെ വാഹനങ്ങളും മ്യൂസിയം പൊലീസ് പരിശോധിച്ചു.

പൊതുമേഖലാ സ്ഥാപനമായ യുണൈറ്റഡ് ഇലക്ട്രിക്കല്‍ ഇന്‍ഡസ്ട്രീസ് എംഡി എസ്ആര്‍ വിനയകുമാറിന്റെ പേരിലാണ് ക്വാട്ടേഴ്സ് എടുത്തതെന്ന് ക്ലബ് അധികൃതർ പറഞ്ഞു. മുൻ മന്ത്രി കോടിയേരി ബാലകൃഷ്ണന്റെ ഭാര്യ വിനോദിനിയുടെ സഹോദരനാണ് വിനയകുമാര്‍. ട്രിവാന്‍ഡ്രം ക്ലബ്വിലെ മെമ്പറാണ് ഇദ്ദേഹം. എന്നാല്‍ ഒരു സുഹൃത്തിന് വേണ്ടിയാണ് മുറി നല്‍കിയതെന്നും ചീട്ടുകളി സംഘത്തെക്കുറിച്ച് അറിയില്ലെന്നുമാണ് വിനയകുമാറിന്റെ വിശദീകരണം. സംഭവത്തിൽ അഷറഫ്, സിബി ആന്‍റണി, സീതാറാം, മനോജ്, വിനയകുമാർ, വിനോദ്, അമൽ, ശങ്കർ, ഷിയാസ് എന്നിവർക്കെതിരെയാണ് മ്യൂസിയം പൊലീസ് കേസെടുത്തത്. ചീട്ടുകളിക്കായി മാത്രം ജില്ലയിലെ വിവിധ ഭാഗങ്ങളിൽ നിന്ന് എത്തിയവരാണ് ഇവരെന്നാണ് വിവരം.

Top