ജമ്മു കശ്മീര്‍ ഇരട്ട സ്ഫോടനക്കേസിൽ ലഷ്കറെ ത്വയിബ ഭീകരനെ പോലീസ് അറസ്റ്റ് ചെയ്തു

ശ്രീനഗര്‍: ജമ്മു കശ്മീര്‍ ഇരട്ട സ്ഫോടനക്കേസിൽ ലഷ്കറെ ത്വയിബ ഭീകരൻ അറസ്റ്റിൽ. സര്‍ക്കാര്‍ സ്കൂള്‍ അധ്യാപകനായ ആരിഫാണ് പിടിയിലായത്. വൈഷ്ണോ ദേവി തീര്‍ഥാടകര്‍ സഞ്ചരിച്ച വാഹനത്തിലെ ബോംബ് സ്ഫോടനത്തിലടക്കം ആരിഫിന് പങ്കുണ്ടെന്നാണ് കണ്ടെത്തൽ.

ജമ്മുവിവെ നർവാലിൽ കഴിഞ്ഞ മാസം 21ന് നടന്ന ഇരട്ട സ്ഫോടന കേസിലാണ് സർക്കാർ സ്കൂൾ അധ്യാപകനായ ആരിഫ് അഹമ്മദ് പിടിയിലായത്. പാകിസ്ഥാനിൽ കഴിയുന്ന രണ്ട് പേരുടെ നിർദ്ദേശം അനുസരിച്ചാണ് ആരിഫ് ആക്രമണം നടത്തിയതെന്ന് ജമ്മു കശ്മീർ പൊലീസ് കണ്ടെത്തിയിട്ടുണ്ട്. സ്ഫോടനം നടന്ന് രണ്ടാഴ്ചക്കുള്ളിലാണ് ആരിഫിനെ പിടികൂടിയത്. ഇയാളിൽ നിന്ന് അത്യാധുനിക പെർഫ്യൂം ബോംബും പിടിച്ചെടുത്തു. കുപ്പി തുറക്കാൻ ശ്രമിക്കുകയോ അമർത്തുകയോ ചെയ്താൽ സ്ഫോടനം നടക്കുന്ന രീതിയിലാണ് പെർഫ്യൂം ബോംബ് തയ്യാറാക്കിയിരുന്നത്.

ജമ്മു കശ്മീരിൽ ഇത്തരത്തിലുള്ള ബോംബ് കണ്ടെത്തുന്നത് ആദ്യമായാണെന്ന് ഡിജിപി ദിൽബാൽ സിംങ് പറഞ്ഞു. ഡ്രോൺ വഴിയാണ് ആരിഫിന് പെർഫ്യൂം ബോംബ് കിട്ടിയതെന്നാണ് പൊലീസ് കരുതുന്നത്. നർവാൽ ഇരട്ട സ്ഫോടനത്തിൽ 9 പേർക്ക് പരിക്കേറ്റിരുന്നു. വൈഷ്ണോ ദേവി തീർത്ഥാടകർ സഞ്ചരിച്ച വാഹനത്തിലെ ബോംബ് സ്ഫോടനത്തിലെ പങ്കും ആരിഫ് അഹമ്മദ് പൊലീസിനോട് സമ്മതിച്ചിട്ടുണ്ട്.

Top