എലത്തൂരിലെ ഓട്ടോഡ്രൈവറുടെ മരണം; ഒരു സിപിഎം പ്രവര്‍ത്തകന്‍ കൂടി അറസ്റ്റില്‍

കോഴിക്കോട്: സി.ഐ.ടി.യുക്കാരുടെ ഭീഷണിയെ തുടര്‍ന്ന് ആത്മഹത്യക്ക് ശ്രമിച്ച ഓട്ടോ ഡ്രൈവര്‍ മരിച്ച സംഭവത്തില്‍ ഒരാള്‍കൂടി അറസ്റ്റില്‍. സിപിഎം പ്രവര്‍ത്തകനായ എലത്തൂര്‍ സ്വദേശി മുരളിയാണ് അറസ്റ്റിലായത്. ഇതോടെ അറസ്റ്റിലായവരുടെ എണ്ണം മൂന്നായി.

എലത്തൂര്‍ സ്വദേശി രാജേഷ് ആണ് മരിച്ചത്. 70% പൊള്ളലേറ്റ് ചികിത്സയില്‍ ആയിരുന്നു ഇദ്ദേഹം. സിപിഎം പ്രവര്‍ത്തകരുടെ മര്‍ദ്ദനമേറ്റതിന് പിന്നാലെ ബിജെപി പ്രവര്‍ത്തകനായ രാജേഷ് തീകൊളുത്തി ആത്മഹത്യക്ക് ശ്രമിക്കുകയായിരുന്നു.

സിപിഎം പ്രാദേശിക നേതാക്കളായ ഒ.കെ. ശ്രീലേഷ്, ഷൈജു കാവോത്ത് എന്നിവര്‍ കേസില്‍ അറസ്റ്റിലായിരുന്നു. രാജേഷ് വായ്പ്പയെടുത്ത് വാങ്ങിയ ഓട്ടോറിക്ഷ സ്റ്റാന്‍ഡിലിറക്കാന്‍ അനുവദിക്കില്ലെന്നായിരുന്നു ഓട്ടോ ഡ്രൈവര്‍മാരായ സിഐടിയു പ്രവര്‍ത്തകരുടെ നിലപാട്.

ഇക്കഴിഞ്ഞ പതിനഞ്ചാം തിയതിയാണ് എലത്തൂരില്‍ വച്ച് ബിജെപി പ്രവര്‍ത്തകനും ഓട്ടോറിക്ഷ ഡ്രൈവറുമായ രാജേഷിനെ സിപിഎം പ്രാദേശിക നേതാക്കള്‍ അടങ്ങുന്ന സംഘം മര്‍ദ്ദിച്ചത്. പരിക്കേറ്റ രാജേഷ് ഓട്ടോറിക്ഷയില്‍ സൂക്ഷിച്ചിരുന്ന പെട്രോളൊഴിച്ച് ആത്മഹത്യക്ക് ശ്രമിക്കുകയായിരുന്നു.

ഗുരുതരമായി പൊള്ളലേറ്റ് ബീച്ച് ആശുപത്രിയില്‍ പ്രവേശിപ്പിച്ച രാജേഷിനെ പിന്നീട് മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു.

കേസില്‍ അറസ്റ്റിലായ രണ്ട് സിപിഎം പ്രാദേശിക നേതാക്കള്‍ റിമാന്‍ഡിലാണ്. കേസില്‍ സിപിഎം, സിഐടിയു പ്രവര്‍ത്തകര്‍ ഉള്‍പ്പടെ മുപ്പതോളം പേര്‍ പ്രതികളാണ്.

Top