വനിത എസ്.ഐ ‘വധുവായി’ ക്രിമിനൽ വരനായി എത്തി അകത്തുമായി !

ഭോപ്പാല്‍: പല തവണ ശ്രമിച്ചിട്ടും പിടികൂടാന്‍ സാധിക്കാതെ വന്ന ക്രിമിനലിനെ കുടുക്കാന്‍ മധ്യപ്രദേശ് പൊലീസ് ഉപയോഗിച്ച മാര്‍ഗമാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായിരിക്കുന്നത്. വനിത പൊലീസ് ഓഫീസറെകൊണ്ട് വിവാഹാലോചന മുന്നോട്ടുവെച്ചാണ് പ്രതിയെ പൊലീസ് വലയിലാക്കിയത്.

ഉത്തര്‍പ്രദേശിലെ മഹോബ ജില്ലയിലെ ബിജൗരി സ്വദേശി ബാല്‍കിഷന്‍ ചൗബെ എന്ന ക്രിമിനലിനെയാണ് പൊലീസ് തന്ത്രപരമായി പിടികൂടിയത്. ഇയാളെ പിടികൂടാൻ സഹായിക്കുന്നവർക്ക് 10,000 രൂപ പ്രതിഫലവും പ്രഖ്യാപിച്ചിരുന്നു. മധ്യപ്രദേശിലെ നൗഗോണില്‍ ഒരാളെ കൊലപ്പെടുത്തിയ കേസില്‍ പ്രതിയാണ് ചൗബെ.

കൊലക്കുറ്റം ഉള്‍പ്പെടെ 16 വ്യത്യസ്ത കേസുകള്‍ ഇയാള്‍ക്കെതിരെയുണ്ട്. പല തവണ പിടികൂടാന്‍ ശ്രമിച്ചെങ്കിലും ചൗബെ പൊലീസിനെ കബളിപ്പിച്ച് കടന്നു കളയുകയായിരുന്നു. അപകടകാരിയായ ചൗബെയെ കീഴടക്കുക അത്ര എളുപ്പമായിരുന്നില്ല. എപ്പോഴും ഇയാളുടെ കയ്യിൽ ആയുധവും കാണും. ഇതിനിടെയാണ് ചൗബെ വിവാഹാലോചന നടത്തുന്നതായി പൊലീസിന് വിവരം ലഭിച്ചത്.

Madhvi

Madhvi

തന്ത്രത്തിന്റെ ഭാഗമായി പൊലീസ് ഡല്‍ഹിയില്‍ താമസിക്കുന്ന ബണ്ടല്‍ഖണ്ട് സ്വദേശിനിയായ ഒരു വനിത തൊഴിലാളിയുടെ പേരില്‍ പുതിയ ഒരു സിം കാര്‍ഡ് എടുത്തു. അതില്‍ നിന്ന് വനിത എസ്.ഐ ചൗബെയെ വിളിക്കുകയും തുടര്‍ന്ന് അബദ്ധത്തില്‍ ഡയല്‍ ചെയ്തതാണെന്ന് അറിയിക്കുകയും ചെയ്തു. പിന്നീട് തന്നോട് സംസാരിച്ച യുവതിയെ കുറിച്ചുള്ള കാര്യങ്ങള്‍ ബാല്‍കിഷന്‍ ചൗബെ അന്വേഷിക്കുകയും നമ്പറിനെ കുറിച്ച് അന്വേഷണം നടത്തുകയും ചെയ്തു.

ഇതേതുടര്‍ന്ന് ചൗബെ വനിത എസ്.ഐയെ തിരികെ വിളിക്കുകയും ഇരുവരും ഏറെ നേരം സംസാരിക്കുകയും ചെയ്തു. ഒരാഴ്ചക്കു ശേഷം വനിത എസ്.ഐ നേരത്തേ തീരുമാനിച്ചുറപ്പിച്ചതനുസരിച്ച് ചൗബെയോട് വിവാഹാലോചന നടത്തി. ഒടുവില്‍ ഇരുവരും പ്രദേശത്തെ ഒരു ക്ഷേത്രത്തില്‍ വെച്ച് പരസ്പരം കാണാമെന്ന് തീരുമാനിക്കുകയും ചെയ്തു.

സാധാരണ വേഷം ധരിച്ച ആയുധധാരികളായ പൊലീസുകാരെ ക്ഷേത്രത്തിനു സമീപം വിന്യസിച്ചു. മാധ്വിയുടെ ബന്ധുക്കളെന്ന വ്യാജേന ആയുധധാരികളായ പൊലീസും ഒപ്പമുണ്ടായിരുന്നു. ബൈക്കിലെത്തിയ ചൗബെ മാധ്വിയുെട അടുത്തേക്കു വരാൻ തുടങ്ങിയപ്പോൾ പൊലീസ് കീഴടക്കുകയായിരുന്നു. സ്തംഭിച്ചു നിന്ന ഇയാളുടെ അടുത്തെത്തിയ മാധ്വി ‘രാധ എത്തി’ എന്നു പറഞ്ഞപ്പോഴാണ് കുടുങ്ങിയ കാര്യം മനസിലായത്. ചൗബെയുടെ കൈവശമുണ്ടായിരുന്ന തോക്ക് പൊലീസ് പിടിച്ചെടുത്തു. മികച്ച അത്‌ലിറ്റ് കൂടിയായ ഇരുപത്തിയെട്ടുകാരി മാധ്വി ദേശീയ സർവകലാശാല മത്സരങ്ങളിൽ 100 മീറ്ററിലും ഷോട്ട്പുട്ടിലും ജേതാവാണ്.

Top