യുവാക്കളെ തട്ടിക്കൊണ്ട് പോയ ഏഴംഗ സംഘം പൊലീസ് പിടിയില്‍

കാസര്‍ക്കോട്: യുവാക്കളെ ക്വട്ടേഷന്‍ നല്‍കി തട്ടികൊണ്ടുപോയ സംഭവവുമായി ബന്ധപ്പെട്ട് മലയാളികള്‍ ഉള്‍പ്പടെ ഏഴു പേരെ കര്‍ണാടക പൊലീസ് അറസ്റ്റ് ചെയ്തു. മംഗലാപുരത്തും, ഹൊസങ്കടിയിലും നടന്ന തട്ടിക്കൊണ്ടുപോകലുമായി ബന്ധപ്പെട്ടാണ് ഉള്ളാള്‍ പൊലീസ് പ്രതികളെ അറസ്റ്റ് ചെയ്തത്.

ഈ മാസം 22ന് മംഗലാപുരം കെസി റോഡില്‍ വച്ച് മഞ്ചേശ്വരം സ്വദേശിയായ അഹമ്മദ് അഷറഫിനെയാണ് സംഘം ആദ്യം തട്ടി കൊണ്ടുപോയത്. പിന്നാലെ ഹൊസങ്കടിയില്‍ വച്ച് അഷറഫിന്റെ സുഹൃത്ത് ജാവേദിനെയും ബലമായി പിടിച്ച് കൊണ്ടു പോയി. രണ്ടു പേരെയും വിട്ടു കിട്ടാന്‍ സ്വത്തും, പണവും ആവശ്യപ്പെടുകയായിരുന്നു.

ഭീഷണി തുടര്‍ന്നെങ്കിലും ഇരുവരും ക്വട്ടേഷന്‍ സംഘത്തില്‍ നിന്നും രക്ഷപ്പെട്ടു. തുടര്‍ന്ന് ഉള്ളാള്‍ പൊലീസ് നടത്തിയ അന്വേഷണത്തിലാണ് മഞ്ചേശ്വരം, ഉപ്പള, കാസര്‍ക്കോട് സ്വദേശികളുള്‍പ്പടെ ഏഴു പേരെ അറസ്റ്റ് ചെയതത്. മംഗലാപുരം അത്തവര്‍ സ്വദേശി അഹമ്മദ് ഇക്ബാല്‍, മഞ്ചേശ്വരം സ്വദേശികളായ യാക്കൂബ്, ഉമര്‍ നവാഫ്, കസാര്‍കോട്ടെ ഷംഷീര്‍, ഉപ്പളാല്‍യിലെ സയ്യിദ് മുഹമ്മദ് കൗസര്‍, നൗഷാദ്, ഷെയ്ഖ് മുഹമ്മദ് റിയാസ് എന്നിവരാണ് പിടിയിലായത്.

ഇവരില്‍ നിന്നും മൂന്ന് കാറുകള്‍, ഒരു ബൈക്ക്, 10 മൊബൈല്‍ ഫോണുകള്‍ സ്ഥലസംബന്ധമായ രേഖകള്‍, 120 ഗ്രാം ഭാരമുള്ള ഒരു സ്വര്‍ണ്ണ മാല എന്നിവ പിടിച്ചെടുത്തു.ഊഹക്കച്ചവടവും, മറ്റ് പണമിടപാടുകളുമാണ് തട്ടിക്കൊണ്ടു പോകലിന് പിന്നിലെന്ന് പൊലീസ് അറിയിച്ചു.

നിശ്ചിത പണം നിക്ഷേപിച്ച ശേഷം പറഞ്ഞുറപ്പിച്ച ലാഭവിഹിതം നല്‍കാത്തതുള്‍പ്പെടെയുള്ള പ്രശ്നങ്ങളും തട്ടിക്കൊണ്ടു പോകലിന് പിന്നിലുള്ളതായി പൊലീസ് അന്വേഷണത്തില്‍ വ്യക്തമായി. അറസ്റ്റിലായവര്‍ കൊലപാതകശ്രമം, കവര്‍ച്ച അടക്കമുള്ള കേസുകളില്‍ നേരത്തെ പ്രതികളാണ്.

 

Top