ലൈംഗികബന്ധത്തിനിടെ കാമുകി മരിക്കാനിടയായ സംഭവം; യുവാവിനെതിരെ കേസെടുത്തു

rape

മുംബൈ: ലൈംഗികബന്ധത്തിനിടയില്‍ കാമുകി മരിക്കാനിടയായ സംഭവത്തില്‍ കാമുകനെതിരെ കേസെടുത്തു. ഇസ്രയേലി പൗരനായ ഒറിറോണ്‍ യാക്കോവ് (23)നെതിരെയാണ് മനപ്പൂര്‍വമല്ലാത്ത നരഹത്യക്ക് മുംബൈ പൊലീസ് കേസെടുത്തിരിക്കുന്നത്.

ലൈംഗികബന്ധത്തിനിടയില്‍ 20കാരിയായ ഇയാളുടെ കാമുകി ശ്വാസംമുട്ടി മരിച്ചിരുന്നു. ഇത് സംബന്ധിച്ച ഫോറന്‍സിക് റിപ്പോര്‍ട്ട് എത്തിയതിനെ തുടര്‍ന്നാണ് ഇയാള്‍ക്കെതിരെ കേസെടുത്തത്. കഴിഞ്ഞ വര്‍ഷം മാര്‍ച്ചിലായിരുന്നു സംഭവം നടന്നത്.

ടൂറിസ്റ്റ് വിസയില്‍ യാക്കോവും കാമുകിയും ഇന്ത്യ സന്ദര്‍ശിക്കുവാന്‍ എത്തുകയും ഇതിനിടെ മുംബൈയിലെ കൊളാബയിലെ ഒരു ഹോട്ടലില്‍ താമസിക്കുകയും ചെയ്തിരുന്നു. ഇരുവരും തമ്മില്‍ ലൈംഗികബന്ധത്തില്‍ ഏര്‍പ്പെടുന്നതിനിടെ യാക്കോവ്, കാമുകിയുടെ കഴുത്തില്‍ സമ്മര്‍ദ്ദം ചെലുത്തുകയും ഇവര്‍ ബോധരഹിതയാവുകയുമായിരുന്നു. ഉടന്‍ തന്നെ യാക്കോവ് ഹോട്ടല്‍ ജീവനക്കാരെ വിവരമറിയിച്ചു.

ജീവനക്കാര്‍ അറിയിച്ചതനുസരിച്ച് സ്ഥലത്തെത്തിയ പൊലീസ് പെണ്‍കുട്ടിയെ ഉടന്‍ തന്നെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാന്‍ സാധിച്ചില്ല. മരണത്തിന്റെ യഥാര്‍ഥ കാരണം വ്യക്തമല്ലാതിരുന്നതിനാല്‍ അപകടമരണമെന്ന നിഗമനത്തിലായിരുന്നു പൊലീസ്. പെണ്‍കുട്ടിയുടെ മൃതദേഹം കുടുംബാംഗങ്ങള്‍ ഇസ്രയേലിലേക്ക് കൊണ്ടുപോകുകയും ചെയ്തു.

എന്നാല്‍ പൊലീസിനു ലഭിച്ച ഫോറന്‍സിക് പരിശോധനാ റിപ്പോര്‍ട്ടിലാണ് ശ്വാസം മുട്ടിയാണ് പെണ്‍കുട്ടി മരിച്ചതെന്ന് വ്യക്തമായത്. റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ യാക്കോവിനെതിരെ പൊലീസ് കേസെടുക്കുകയായിരുന്നു.

Top