ലോട്ടറി വില്‍പനക്കാരനില്‍ നിന്നു പണം തട്ടിയ ആൾ പൊലീസ് പിടിയിൽ

അഞ്ചാലുംമൂട്: നമ്പര്‍ തിരുത്തിയ ലോട്ടറി നല്‍കി ലോട്ടറി വില്‍പനക്കാരനില്‍ നിന്നു 2000 രൂപ തട്ടിയ ആളെ പൊലീസ് കണ്ടെത്തി. പൊലീസ് തിരിച്ചറിഞ്ഞതായി മനസ്സിലാക്കിയ തട്ടിപ്പുകാരന്‍ ലോട്ടറി വ്യാപാരിക്ക് പണം തിരികെ നല്‍കി കേസ് ഒതുക്കാന്‍ ശ്രമം നടത്തി. കഴിഞ്ഞ ദിവസം നടന്ന സംഭവുമായി ബന്ധപ്പെട്ട് ഇന്നലെ അപ്രതീക്ഷിത കാര്യങ്ങളാണ് അരങ്ങേറിയത്.

കാറിലെത്തിയ ആളാണ് കഴിഞ്ഞ ദിവസം അഷ്ടമുടി സ്വദേശിയായ സോമനില്‍ നിന്നും 2000 രൂപ കബളിപ്പിച്ചെന്ന് തട്ടിയെടുത്തത്. പൊലീസ് നടത്തിയ സിസിടിവി പരിശോധനയില്‍ കൊട്ടാരക്കര സ്വദേശിയുടേതാണ് കാര്‍ എന്നു കണ്ടെത്തി.

അതിനിടെ ഇന്നലെ ഉച്ചയോടെ തട്ടിപ്പുകാരന്‍ ഓട്ടോയില്‍ അഞ്ചാലുംമൂട്ടിലെത്തി സോമനെ കണ്ടെത്തി 2000 രൂപ നല്‍കി. കഴിഞ്ഞ ദിവസത്തെ സംഭവത്തിന്റെ കുറ്റബോധം കാരണം രാത്രി തനിക്ക് ഉറങ്ങാന്‍ കഴിഞ്ഞില്ലെന്നും അതിനാല്‍ പണം സ്വീകരിക്കണമെന്നായിരുന്നു ഇയാളുടെ ആവശ്യം.

എന്നാല്‍ പണം പൊലീസ് സ്റ്റേഷനില്‍ ഏല്‍പ്പിക്കാന്‍ സോമന്‍ ആവശ്യപ്പെട്ടു. എന്നാല്‍ അതു ശരിയാകില്ലെന്ന് പറഞ്ഞ് ഇയാള്‍ പണം വച്ചിട്ടു ഓട്ടോയില്‍ കയറി സ്ഥലം വിട്ടു. കഴിഞ്ഞ ദിവസത്തെ തട്ടിപ്പ് സംബന്ധിച്ച് സോമന്‍ അഞ്ചാലുംമൂട് പൊലീസില്‍ പരാതി നല്‍കിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ തട്ടിപ്പു നടത്തിയ ആളെ പൊലീസ് സ്റ്റേഷനിലേക്ക് വിളിപ്പിച്ചതായാണ് അറിയുന്നത്

 

Top