തട്ടിക്കൊണ്ടു പോകല്‍ കഥ; യുവാക്കളെ മര്‍ദ്ദിച്ച മൂന്ന് പേരെ പൊലീസ് അറസ്റ്റ് ചെയ്തു

മലപ്പുറം: മലപ്പുറം കൊണ്ടോട്ടി ഓമാനൂരില്‍ കുട്ടിയെ തട്ടിക്കൊണ്ടു പോകാന്‍ ശ്രമിച്ചു എന്ന ആരോപണമുന്നയിച്ച് യുവാക്കളെ മര്‍ദ്ദിച്ച സംഭവത്തില്‍ മൂന്ന് പേരെ പൊലീസ് അറസ്റ്റ് ചെയ്തു.

എന്നാല്‍,തട്ടിക്കൊണ്ട് പോകാന്‍ ശ്രമിച്ചു എന്ന് കുട്ടി പറഞ്ഞത് കള്ളമാണെന്ന് പൊലീസ് അന്വേഷണത്തില്‍ കണ്ടെത്തി.

കാര്‍ യാത്രക്കാരായ രണ്ട് പേര്‍ തന്നെ തട്ടിക്കൊണ്ട് പോകാന്‍ ശ്രമിച്ചുവെന്നാണ് വിദ്യാര്‍ത്ഥി പറഞ്ഞത്. തുടര്‍ന്ന് നാട്ടുകാര്‍ കാര്‍ തടഞ്ഞു വെച്ച് യാത്രക്കാരായ ചീരോത്ത് റഹ്മത്ത്, സഫറുള്ള എന്നിവരെ സംഘം ചേര്‍ന്ന് ആക്രമിക്കുകയായിരുന്നു.

എന്നാല്‍, പൊലീസെത്തി കുട്ടിയെ ചോദ്യം ചെയ്തതോടെയാണ് സംഭവം വ്യാജമാണെന്ന് മനസിലായത്. ഓണ പരീക്ഷയില്‍ മാര്‍ക്ക് കുറയുമെന്ന് ഭയന്ന് രക്ഷിതാക്കളുടെ സഹതാപം നേടിയെടുക്കാനാണ് പത്താം ക്ലാസുകാരനായ കുട്ടി നുണക്കഥ പറഞ്ഞത്.

അതേസമയം,കൊല്ലുമെന്ന് പറഞ്ഞായിരുന്നു മര്‍ദ്ദനമെന്ന് കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്ന യുവാക്കള്‍ പറഞ്ഞു.

സംഭവത്തെ തുടര്‍ന്ന് ഓമനൂര്‍ സ്വദേശികളായ ഫൈസല്‍, മുത്തസ് ഖാന്‍, ദുല്‍ഫിക്കറലി എന്നിവരെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. വധശ്രമം, കലാപം സൃഷ്ടിക്കാന്‍ ശ്രമിക്കല്‍, വാഹനം നശിപ്പിക്കല്‍ എന്നിവ ചുമത്തി 46 പേര്‍ക്കെതിരെ പൊലീസ് കേസെടുത്തു.

Top