police arrest – asam

ഗുവാഹത്തി: അസമിലെ കാസിരംഗ ദേശീയോദ്യാനത്തില്‍ കാണ്ടാമൃഗം വേട്ടയാടപ്പെട്ട സംഭവവുമായി ബന്ധപ്പെട്ട് മൂന്ന് പേര്‍ അറസ്റ്റില്‍. ഒരു ആര്‍.പി.എഫ് കോണ്‍സ്റ്റബിള്‍ ഉള്‍പ്പെടെ മൂന്നു പേരാണ് അറസ്റ്റിലായത്. ജോര്‍ഹട്ട് ജില്ലയിലെ ടിറ്റാബറില്‍ നിന്നുമായിരുന്നു മൂവരേയും പൊലീസ് അറസ്റ്റു ചെയ്തത്.

മോഷണം പോയ കാണ്ടാമൃഗത്തിന്റെ കൊമ്പും കണ്ടെടുത്തു. ട്രെയിന്‍ വഴി കൊമ്പ് സംസ്ഥാനത്തിന് പുറത്തേക്ക് കടത്താനുള്ള ശ്രമത്തിനിടെയായിരുന്നു മോഷ്ടാക്കള്‍ പൊലീസിന്റെ പിടിയിലായത്.

മോഷ്ടാക്കള്‍ക്ക് കൊമ്പ് കടത്താനുള്ള സഹായമൊരുക്കിയുന്നത് ആര്‍.പി.എഫ് കോണ്‍സ്റ്റബിളാണെന്ന് പൊലീസ് പറഞ്ഞു. ഇതിന് മുന്‍പ് ഇത്തരത്തില്‍ ഇയാള്‍ മോഷ്ടാക്കള്‍ക്ക് സഹായം ചെയ്തു നല്‍കിയോ എന്ന കാര്യം പൊലീസ് അന്വേഷിച്ചു വരികയാണ്.

ബ്രിട്ടീഷ് രാജകുമാരന്‍ വില്യമിന്റെയും പത്നി കേറ്റിന്റേയും സന്ദര്‍ശനത്തിന് തൊട്ടുപിന്നാലെയായിരുന്നു കാസിരംഗ ദേശീയോദ്യാനത്തിലെ പെണ്‍ കാണ്ടാമൃഗം വെടിയേറ്റ് കൊല്ലപ്പെട്ടത്. ബുധനാഴ്ച രാത്രിയായിരുന്നു സംഭവം. ഇതിന്റെ ഒരു കിലോയോളം ഭാരം വരുന്ന കൊമ്പാണ് മോഷണം പോയത്.

ഇന്ത്യയില്‍ ഏറ്റവും അധികം കാണ്ടാമൃഗങ്ങള്‍ കാണപ്പെടുന്ന കാസിരംഗയിലെ ദേശീയോദ്യാനത്തില്‍ കാണ്ടാമൃഗവേട്ട പതിവാണ്. നിരവധി കാണ്ടാമൃഗങ്ങള്‍ ഇതിനോടകം ഇവിടെ വേട്ടയാടപ്പെട്ടു.

ആറോളം കണ്ടാമൃഗങ്ങള്‍ ഈ വര്‍ഷം മാത്രം കൊല്ലപ്പെട്ടതായാണ് റിപ്പോര്‍ട്ട്. വേട്ടയാടപ്പെടുന്ന കാണ്ടാമൃഗങ്ങളുടെ കൊമ്പ് ലക്ഷക്കണക്കിന് രൂപയ്ക്കാണ് മോഷ്ടാക്കള്‍ വില്‍പന നടത്തുന്നത്.

Top