Police arrest 3 men on suspicion of links to Jakarta attack

ജക്കാര്‍ത്ത: ഇന്നലെ ഇന്തോനേഷ്യന്‍ തലസ്ഥാനമായ ജക്കാര്‍ത്തയില്‍ നടന്ന ഭീകരാക്രമണവുമായി ബന്ധപ്പെട്ട് മൂന്ന് പേരെ അറസ്റ്റ് ചെയ്തു. ഇതില്‍ ഒരാളുടെ വീട്ടില്‍ നിന്നും ഐ.എസിന്റെ കൊടി കണ്ടെത്തിയതായി പൊലീസ് പറഞ്ഞു. ഭീകരാക്രമണത്തിന്റെ ഉത്തരവാദിത്തം ഐ.എസ് ഇന്നലെ ഏറ്റെടുത്തിരുന്നു.

ഇന്നലെ ജക്കാര്‍ത്തയിലെ ഐക്യരാഷ്ട്രസഭ ഓഫീസിന് സമീപം മൂന്നിടങ്ങളിലായി നടന്ന ആക്രമണത്തില്‍ ഏഴ് പേര്‍ കൊല്ലപ്പെട്ടിരുന്നു. ആറോളം സ്‌ഫോടനങ്ങളും വെടിവയ്പുമാണുണ്ടായത്, ആക്രമണകാരികളെ ഉടന്‍ വധിച്ചിരുന്നു. അഞ്ച് ഭീകരരാണ് ആക്രമണം നടത്തിയത്. ഇതില്‍ രണ്ട് പേരും നേരത്തെ ഭീകരവാദ കേസുകളില്‍ തടവ് ശിക്ഷ അനുഭവിച്ചവരാണ്. ഇന്തോനേഷ്യയില്‍ ആദ്യമായാണ് ഐ.എസിന്റേതെന്ന് കരുതുന്ന ആക്രമണമുണ്ടായിരിയ്ക്കുന്നത്.

2002ല്‍ ബാലിയില്‍ ജെമാ ഇസ്ലാമിയ എന്ന ഭീകര സംഘടന നടത്തിയ സ്‌ഫോടന പരമ്പരയില്‍ 202 പേര്‍ കൊല്ലപ്പെട്ടിരുന്നു. 2009ല്‍ ജക്കാര്‍ത്തയിലെ ഹോട്ടലില്‍ നടന്ന ഭീകരാക്രമണത്തില്‍ ഏഴ് പേര്‍ കൊല്ലപ്പെട്ടിരുന്നു. ഇന്തോനേഷ്യയില്‍ നിന്നും മലേഷ്യയില്‍ നിന്നും നിരവധി പേര്‍ ഐ.എസ് പ്രവര്‍ത്തനത്തിനായി സിറിയയിലേയ്ക്ക് കടന്നിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ട്.

Top