വനിതാ ദിനം; പാക്കിസ്ഥാനിൽ സംഘടിപ്പിച്ച ഔറത്ത് റാലിക്കിടെ പൊലീസും സ്ത്രീകളും ഏറ്റുമുട്ടി

ഇസ്ലാമാബാദ്: ലോക വനിതാ ദിനത്തിൽ സ്ത്രീകളുടെ അവകാശം ഉയർത്തിപ്പിടിച്ച് പാക്കിസ്ഥാനിൽ നടത്തുന്ന ഔറത്ത് റാലിയിൽ പൊലീസും സ്ത്രീകളും തമ്മിൽ ഏറ്റുമുട്ടി. പ്രസ് ക്ലബ്ബ് പരിസരത്തുവെച്ച് സ്ത്രീകളും ട്രാൻസ്ജെന്ററുകളും റാലിയിൽ സമ്മേളിച്ചതോടെ സംഘർഷം ഉടലെടുക്കുകയായിരുന്നു. സംഘർഷത്തെ തുടർന്ന് പൊലീസ് ലാത്തി വീശി.

സ്ത്രീകൾ പങ്കെടുക്കുന്ന മാർച്ചിൽ ട്രാൻസ്ജെന്ററുകൾ വ്യാപകമായി പങ്കെടുക്കാനെത്തിയതോടെ ഇതിനെ പൊലീസ് ചോദ്യം ചെയ്യുകയായിരുന്നുവെന്ന് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. സ്ത്രീകൾക്കൊപ്പം ട്രാൻസ്ജെന്ററുകളും മുദ്രാവാക്യം വിളിച്ചതോടെ പൊലീസ് മാർച്ച് നിർത്തി വയ്ക്കാൻ ആവശ്യപ്പെടുകയായിരുന്നുവെന്ന് സ്ത്രീകൾ പറഞ്ഞു. തുടർന്ന് ഇരുകൂട്ടരും തമ്മിൽ ഏറ്റുമുട്ടി. അതിനിടെ, പൊലീസിനും മാധ്യമങ്ങൾക്കുമെതിരെ സ്ത്രീകളുടെ പ്രതിഷേധവും നടന്നു.

രാവിലെ മുതൽ സമാധാനപരമായി റാലി റിപ്പോർട്ട് ചെയ്തിരുന്നു. എന്നാൽ സംഘർഷം ഉടലെടുത്തത് ദൗർഭാ​ഗ്യകരമായെന്ന് മാധ്യമങ്ങൾ പറഞ്ഞു. സംഭവത്തിൽ ഒരു വനിതാ മാധ്യമപ്രവർത്തകക്കും ക്യാമറാമാനും പരിക്കേറ്റു. സ്ത്രീകളുടെ റാലിയിൽ മന്ത്രി ഷെറി റഹ്മാൻ പങ്കെടുത്തിരുന്നു. അക്രമത്തിന്റെ പശ്ചാത്തലത്തിൽ പ്രതിഷേധവുമായി മന്ത്രി രം​ഗത്തെത്തി. റാലി നടത്തിയ സുഹൃത്തുക്കൾ ശരിക്കും പേടിച്ചിരിക്കുകയാണ്. ഇസ്ലാമാബാദ് പൊലീസിന് ലാത്തിച്ചാർജ്ജ് നടത്തേണ്ട കാര്യമുണ്ടായിരുന്നില്ല. സംഭവം ഖേദകരമാണ്. അന്വേഷണം നടത്തണമെന്നും മന്ത്രി ആവശ്യപ്പെട്ടു.

പൊലീസ് നടപടിക്കെതിരെ നിരവധി വ്യക്തികളും സ്ഥാപനങ്ങളും പ്രതിഷേധവുമായി രം​ഗത്തെത്തി. പാക്കിസ്ഥാൻ മനുഷ്യാവകാശ കമ്മീഷനും വിമർശനം ഉന്നയിച്ചു. സ്ത്രീകൾക്കെതിരെയുള്ള ആക്രമണങ്ങളെ ന്യായീകരിക്കാനാവില്ലെന്ന് കമ്മീഷൻ പറഞ്ഞു. പാക്കിസ്ഥാനിൽ ​ഗോക്കിയിും സ്ത്രീകളുടെ പ്രതിഷേധ പ്രകടനങ്ങൾ നടന്നിട്ടുണ്ട്.

Top