ഹണിട്രാപ്പിൽ ഞെട്ടിത്തരിച്ച് പൊലീസ്, കുരുങ്ങിയവരിൽ ഉന്നത ഉദ്യോഗസ്ഥരും ?

കേരള പൊലീസിനെ ഞെട്ടിച്ച് വൻ ഹണിട്രാപ്പ്. ഉന്നത പൊലീസ് ഉദ്യോഗസ്ഥർ മുതൽ എസ്.എച്ച്.ഒ വരെയുള്ള ഓഫീസർമാർ കൊല്ലം അഞ്ചൽ സ്വദേശിനിയുടെ ട്രാപ്പിൽ കുടുങ്ങിയതായാണ് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. റിപ്പോർട്ടർ ചാനൽ പുറത്ത് വിട്ട റിപ്പോർട്ടിൽ സംസ്ഥാന പൊലീസിലെ ഒരു എ.ഡി.ജി.പി ഉൾപ്പെടെ കുടുങ്ങിയതായാണ് വ്യക്തമാക്കിയിരിക്കുന്നത്. ഹണിട്രാപ്പ് സംഭവം സംഭവം ആദ്യം റിപ്പോർട്ട് ചെയ്തത്. ന്യൂസ് അറ്റ് നെറ്റ് എന്ന ഓൺലൈൻ വെബ് പോർട്ടലാണ്. ഈ വാർത്ത നിഷേധിക്കാൻ പൊലീസ് ഇതുവരെ തയ്യാറായിട്ടില്ല. ഇപ്പോൾ മനോരമ ഓൺലൈൻ ഉൾപ്പെടെയുള്ള സ്ഥാപനങ്ങളും വിശദമായി തന്നെ കാക്കിപ്പടയെ നടുക്കിയ ഹണിട്രാപ്പ് കഥ റിപ്പോർട്ട് ചെയ്തിട്ടുണ്ട്.

മനോരമ റിപ്പോർട്ടിൻ്റെ പൂർണ്ണരൂപം ചുവടെ: –

ഹണി ട്രാപ്പില്‍ കുടുങ്ങി കേരള പൊലീസ് ഉദ്യോഗസ്ഥര്‍. ഒട്ടേറെ പൊലീസുകാര്‍ തട്ടിപ്പിനിരയായെന്നു വെളിപ്പെടുത്തുന്ന പൊലീസ് ഉദ്യോഗസ്ഥരുടെ വാട്‌സാപ് ഗ്രൂപ്പുകളില്‍ പ്രചരിക്കുന്ന ശബ്ദരേഖ പുറത്തായി. സംഭവത്തെക്കുറിച്ചു രഹസ്യാന്വേഷണ വിഭാഗവും അന്വേഷണം തുടങ്ങി.

‘ പ്രിയ പൊലീസ് സുഹൃത്തുക്കളേ, ഫെയ്‌സ്ബുക്കില്‍ ** എന്ന ഐഡിയുള്ള ഒരു ലേഡി, പൊലീസുകാരെ പ്രത്യേകിച്ച് എസ്‌ഐമാരെ പലരീതിയില്‍ പരിചയപ്പെട്ടു, പ്രേമം നടിച്ച്, പിന്നീടു ഭീഷണിപ്പെടുത്തി ലക്ഷങ്ങള്‍ തട്ടുന്നതായി വിവരം ലഭിച്ചിട്ടുണ്ട്. ഇത് അവരുടെ സ്ഥിരം പരിപാടിയാണ്. പൊലീസാണ് അവരുടെ ഇര. നമ്മള്‍ സൂക്ഷിക്കണം…’ – കൊച്ചി കേന്ദ്രീകരിച്ചുള്ള പൊലീസ് ഉദ്യോഗസ്ഥരുടെ വാട്‌സാപ് കൂട്ടായ്മയില്‍ വന്ന ശബ്ദ സന്ദേശമാണിത്.

പൊലീസിനു നാണക്കേടും തലവേദനയുമായി മാറിയിരിക്കുകയാണ് ഹണിട്രാപ്പ്. തിരുവനന്തപുരം സ്വദേശിയായ വീട്ടമ്മയക്കെതിരെയാണ് ആക്ഷേപം. ഇവര്‍ ഒട്ടേറെപ്പേരെ ട്രാപ്പില്‍ വീഴ്ത്തിയിട്ടുണ്ടെന്നും പൊലീസുകാര്‍ തന്നെ സാക്ഷ്യപ്പെടുത്തുന്നു. തിരുവനന്തപുരത്തും ആലപ്പുഴയിലുമുള്ള എസ്‌ഐമാരുടെ കയ്യില്‍ നിന്നു ലക്ഷങ്ങള്‍ തട്ടിയെടുത്തെന്നു നേരിട്ട് അറിയാമെന്നാണു ശബ്ദരേഖയില്‍ വെളിപ്പെടുത്തുന്നത്. ചൊവ്വാഴ്ച തിരുവനന്തപുരം തുമ്പയില്‍ എസ്‌ഐയ്‌ക്കെതിരെ മാനഭംഗക്കുറ്റം ചുമത്തി കേസെടുത്തിരുന്നു. ഇതും ഇവരുടെ പരാതിയിലാണെന്നാണു സൂചന.

തട്ടിപ്പ് ഫോണ്‍ വിളിയുടെ രൂപത്തില്‍

പല ഉദ്യോഗസ്ഥരെയും കുടുക്കാന്‍ പ്രണയം എന്ന ആയുധമാണ് തിരുവനന്തപുരം സ്വദേശിയായ സ്ത്രീ പുറത്തെടുത്തിരിക്കുന്നത്. ആദ്യം ഫെയ്‌സ്ബുക്കില്‍ സൗഹൃദം സ്ഥാപിക്കും. അതുവഴി മൊബൈല്‍ നമ്പര്‍ കൈക്കലാക്കും. പിന്നീടു മറ്റൊരു പൊലീസുകാരന്റെ പേര് പറഞ്ഞു വിളിക്കും. അയാള്‍ തന്റെ കയ്യില്‍ നിന്നു പണം വാങ്ങിയിട്ടുണ്ടെന്നും തിരിച്ചു നല്‍കാത്തതിനാല്‍ കേസ് കൊടുക്കുന്നുവെന്നുമായിരിക്കും ആദ്യം പറയുക. ഇതിന്റെ പേരില്‍ പിന്നീടു പലതവണ ഫോണ്‍ വിളിക്കും. അതു സൗഹൃദമായി മാറുന്നതോടെ കെണിയൊരുങ്ങും. പിന്നീടുള്ള ഓരോ ഫോണ്‍ സംഭാഷണവും ഇവര്‍ റെക്കോഡ് ചെയ്ത് സൂക്ഷിക്കും. അതു പറഞ്ഞു ഭീഷണിപ്പെടുത്തിയാണു പണംതട്ടല്‍.

കര്‍ശന ജാഗ്രതയ്ക്ക് നിര്‍ദേശം

ഈ സ്ത്രീയുടെ ഫെയ്‌സ്ബുക്ക് വിലാസവും ചിത്രവും നല്‍കി ഇവരെ സൂക്ഷിക്കണമെന്ന മുന്നറിയിപ്പാണ് പൊലീസിന്റെ സാമൂഹ്യമാധ്യമ ഗ്രൂപ്പുകളിലെല്ലാം പ്രചരിക്കുന്നത്. ഇവരെ സൂക്ഷിക്കണമെന്ന് ഉന്നത ഉദ്യോഗസ്ഥരുടെയും കര്‍ശന നിര്‍ദേശമുണ്ട്. ഏതാനും മാസം മുന്‍പും ഇത്തരം ചില സന്ദേശങ്ങള്‍ പ്രചരിച്ചിരുന്നെങ്കിലും അതു വകവയ്ക്കാതെ അനാവശ്യബന്ധത്തിനു പോയവരാണ് ഇപ്പോള്‍ കുടുങ്ങിയിരിക്കുന്നത്.

മാധ്യമങ്ങൾ ഹണി ട്രാപ്പ് കഥ പുറത്ത് വിട്ടതോടെ, എന്ത് ചെയ്യണമെന്നറിയാതെ പകച്ചിരിക്കുകയാണ് കേരള പൊലീസ്. ഡിപ്പാർട്ട് മെൻ്റിന് മാനക്കേട് ഉണ്ടാക്കിയവർക്കെതിരെ നടപടി വേണമെന്ന ആവശ്യത്തോടൊപ്പം, ഹണി ട്രാപ്പിനിറങ്ങിയ യുവതിക്കെതിരെയും നടപടി വേണമെന്ന ആവശ്യവും ശക്തമാണ്. കേട്ടാൽ അറക്കുന്ന തരത്തിലുള്ള തെറിയാണ് ഈ യുവതി ഉടക്കിയ പൊലീസ് ഉദ്യോഗസ്ഥരെ വിളിച്ചിരിക്കുന്നത്. ഇതുൾപ്പെടെ പലതും ഇപ്പോൾ സമൂഹ മാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്.

Top