രാഹുലിനും പ്രിയങ്കയ്ക്കും ഹത്രാസില്‍ പോകാന്‍ അനുമതി നല്‍കി പൊലീസ്

ന്യൂഡല്‍ഹി:ഉത്തര്‍പ്രദേശിലെ ഹത്റാസില്‍ ബലാത്സംഗത്തിന് ഇരയായി മരിച്ച പെണ്‍കുട്ടിയുടെ വീട് സന്ദര്‍ശിക്കാനെത്തിയ രാഹുല്‍ ഗാന്ധിയെ പോകാന്‍ അനുവദിച്ച് പൊലീസ്. അഞ്ച് പേര്‍ക്കാണ് പോകാന്‍ അനുമതി നല്‍കിയിരിക്കുന്നത്. സമാജ്വാദി പാര്‍ട്ടി നേതാവ് അഖിലേഷ് യാദവും ഇന്ന് ഹത്രാസ് സന്ദര്‍ശിക്കുമെന്നാണ് വിവരം.

രാഹുലിന്റെ സംഘത്തില്‍ കോണ്‍ഗ്രസ് എംപിമാരും ഉണ്ട്. ഡല്‍ഹി- ഉത്തര്‍ പ്രദേശ് അതിര്‍ത്തിയില്‍ വന്‍ പൊലീസ് സന്നാഹമാണ് ഒരുക്കിയിരിക്കുന്നത്. അതിര്‍ത്തിയില്‍ ബാരിക്കേഡുകള്‍ സ്ഥാപിച്ചിട്ടുണ്ട്. കൂടാതെ നിരവധി കമ്പനി പൊലീസുകാരുമുണ്ട്. രാഹുലിന്റെ വാഹനം ഓടിക്കുന്നത് പ്രിയങ്കയാണ്.

ഇത് രണ്ടാം തവണയാണ് രാഹുലും സംഘവും പെണ്‍കുട്ടിയുടെ ബന്ധുക്കളെ കാണാനുള്ള ശ്രമം നടത്തുന്നത്. രണ്ടു ദിവസം മുമ്പ് ഹത്രാസ് സന്ദര്‍ശിക്കാനുള്ള നേരത്തെ രാഹുല്‍ ഗാന്ധിയുടേയും പ്രിയങ്ക ഗാന്ധിയുടേയും ശ്രമത്തെ നാടകീയ രംഗങ്ങള്‍ സൃഷ്ടിച്ച് യുപി പൊലീസ് തടഞ്ഞിരുന്നു.

രാഷ്ട്രീയ നേതാക്കളെ പെണ്‍കുട്ടിയുടെ കുടുംബത്തെ സന്ദര്‍ശിക്കാന്‍ അനുമതി നല്‍കില്ലെന്ന ഉറച്ച നിലപാടിലാണ് യോഗി ആദിത്യനാഥ് സര്‍ക്കാര്‍. മാധ്യമങ്ങള്‍ക്കും നേരത്തെ വിലക്കേര്‍പ്പെടുത്തിയിരുന്നു. കനത്ത പ്രതിഷേധം ഉയര്‍ന്നതോടെ പിന്നീട് വിലക്ക് നീക്കി.

Top