സെക്രട്ടേറിയറ്റ് തീപിടുത്തം ഫാനില്‍ നിന്ന് തന്നെയെന്ന് അന്വേഷണസംഘം

തിരുവനന്തപുരം: സെക്രട്ടേറിയറ്റിലെ തീപിടിത്തത്തിന്റെ അന്തിമ ഫോറന്‍സിക് റിപ്പോര്‍ട്ട് തള്ളി അന്വേഷണ സംഘം. ഫാനില്‍ നിന്നുള്ള ഷോര്‍ട്ട് സര്‍ക്യൂട്ടാണ് തീപിടിത്തത്തിന് കാരണമെന്നാണ് പൊലീസ് പറയുന്നത്. ഇത് സാധൂകരിക്കുന്ന ഗ്രാഫിക്കല്‍ ചിത്രീകരണം പൊലീസ് പുറത്തുവിട്ടു.

അടഞ്ഞു കിടന്ന ഓഫീസില്‍ ഫാന്‍ നിരന്തരമായി കറങ്ങുകയും കോയില്‍ ചൂടായി സ്പാര്‍ക്കുണ്ടാകുകയും ചെയ്തുവെന്നാണ് പൊലീസ് പറയുന്നത്. വയറിന്റെ ഇന്‍സുലേഷന്‍ പോയതാണ് തമ്മില്‍ ഉരയാന്‍ കാരണം. സ്പാര്‍ക്കില്‍ നിന്ന് തീ ഫാനിലേക്ക് പടരുകയും ഫാനിലെ പ്ലാസ്റ്റിക് വസ്തുക്കള്‍ തീപിടിച്ച് ഫയലിലേക്ക് വീണ് തീപിടിക്കുകയും ചെയ്തുവെന്നാണ് പൊലീസ് പറയുന്നത്.

എന്നാല്‍ ഫോറന്‍സിക് റിപ്പോര്‍ട്ട് പുറത്തു വരുന്നതിന് മുമ്പാണ് ഗ്രാഫിക്കല്‍ ചിത്രീകരണം തയ്യാറാക്കിയതെന്നതും ശ്രദ്ധേയമാണ്. തീപിടിത്തം ഉണ്ടായതിന് പിന്നാലെ നടന്ന അന്വേഷണ സമയത്താണ് ചിത്രീകരണം തയ്യാറാക്കിയത്. തീപിടിത്തം ഉണ്ടായ സമീപ ദിവസങ്ങളില്‍ തന്നെ ഇത് തയ്യാറാക്കിയിരുന്നു.

എന്നാല്‍ പൊലീസ് മുന്നോട്ട് വെയ്ക്കുന്ന സാധ്യത പൂര്‍ണമായും തള്ളുന്നതാണ് ഫോറന്‍സിക് റിപ്പോര്‍ട്ട്. കത്തിയ ഫാനിന്റെ ഭാഗങ്ങള്‍, ഉരുകിയ ഭാഗം, മോട്ടര്‍ എന്നിവ ഫോറന്‍സിക് ലാബ് പരിശോധിച്ചിരുന്നു. ഫാന്‍ ഉരുകിയെങ്കിലും കാരണം വ്യക്തമല്ലെന്നും തീപിടിത്തം നടന്ന സ്ഥലത്തുനിന്ന് കുറച്ച് മാറി രണ്ട് മദ്യക്കുപ്പികള്‍ കണ്ടെത്തിയതായും റിപ്പോര്‍ട്ടില്‍ പറഞ്ഞിരുന്നു.

Top