പൗരന്മാരുടെ അവകാശങ്ങളെപ്പറ്റി പൊലീസിന് ധാരണ ഉണ്ടാകണം

കൊച്ചി: പരാതിക്കാരുമായും ആരോപണ വിധേയരുമായും സാക്ഷികളുമായും അഭിഭാഷകരുമായുമൊക്കെ പൊലീസുകാര്‍ക്ക് ഇടപെടേണ്ടി വരും. അപ്പോഴൊക്കെ ഏത് രീതിയിലാണ് പെരുമാറേണ്ടത് എന്ന കാര്യത്തില്‍ പൊലീസിന് വ്യക്തമായ ധാരണ ഉണ്ടാകണമെന്ന് ജസ്റ്റിസ് പി ബി സുരേഷ്‌കുമാര്‍.

ഇക്കാര്യത്തില്‍ പൊലീസിന് പരിശീലനം നല്‍കണം. എന്നും അദ്ദേഹം പറഞ്ഞു. വനിത പോലീസ് ഓഫീസറെ തള്ളി നീക്കിയതുമായി ബന്ധപ്പെട്ട് അഭിഭാഷകനെതിരേ ചാര്‍ജ് ചെയ്തിരിക്കുന്ന ക്രിമിനല്‍ കേസ് റദ്ദ് ചെയ്യണമെന്ന ഹര്‍ജി പരിഗണിക്കുവേയാണ് കോടതി ഇക്കാര്യം വ്യക്തമാക്കിയത്.

മയക്കുമരുന്ന് കേസില്‍ പ്രതിയായ അഫിയ എന്ന വ്യക്തിയെ 2018 ജനുവരിയില്‍ വടകര പ്രത്യേക കോടതിയില്‍ ഹാജരാക്കാന്‍ കൊണ്ടുപോകുമ്പോഴായിരുന്നു സംഭവം. പ്രതിയുമായി സംസാരിക്കാന്‍ കല്പറ്റ സ്വദേശി പ്രശാന്ത് എന്ന അഭിഭാഷകന്‍ നിരന്തരം ശ്രമിച്ചു. അപ്പോഴൊക്കെ വനിത സിവില്‍ പോലീസ് ഓഫീസര്‍ തടഞ്ഞു.

അഭിഭാഷകനാണെന്ന് പറഞ്ഞിട്ടും സംസാരിക്കാന്‍ അനുവദിച്ചില്ല. പിന്നീട് അനുവദിച്ചപ്പോള്‍ സംസാരിക്കാന്‍ തയ്യാറാകാതെ അഭിഭാഷകന്‍, വനിത സിവില്‍ പോലീസ് ഓഫീസറെ തള്ളി നീക്കിയെന്നായിരുന്നു കേസ്. വനിത സിവില്‍ പോലീസ് ഉദ്യോഗസ്ഥയെ ദേഹോപദ്രവം ഏല്‍പ്പിക്കണം എന്ന ഉദ്ദേശ്യത്തോടെ ഒരു പ്രവൃത്തിയും അഭിഭാഷകന്റെ ഭാഗത്തുനിന്ന് ഉണ്ടായില്ലെന്ന് ചൂണ്ടിക്കാട്ടി കേസ് കോടതി റദ്ദാക്കി.

Top