Police Advisor, Raman srivastavakk would be likely to

തിരുവനന്തപുരം: മുന്‍ സംസ്ഥാന പൊലീസ് മേധാവിയും ബിഎസ്എഫ് ഡയറക്ടര്‍ ജനറലുമായിരുന്ന രമണ്‍ ശ്രീവാസ്തവ ആഭ്യന്തര വകുപ്പിന്റെ ഉപദേഷ്ടാവാകും.

വിരമിച്ച മറ്റ് ചില ഉദ്യോഗസ്ഥര്‍ പരിഗണനയിലുണ്ടായിരുന്നെങ്കിലും സിപിഎം സംസ്ഥാന നേതൃത്വവും മുഖ്യമന്ത്രിയും ഒടുവില്‍ രമണ്‍ ശ്രീവാസ്തവയുടെ കാര്യത്തില്‍ ഏകാഭിപ്രായത്തിലെത്തിയതായാണ് അറിയുന്നത്.

ക്രമസമാധാന പാലനത്തിലും കുറ്റാന്വേഷണ രംഗത്തും പൊലീസിന്റെ ഭാഗത്ത് നിന്ന് തുടര്‍ച്ചയായുണ്ടാകുന്ന വീഴ്ചയും അവ പരിഹരിക്കാന്‍ സംസ്ഥാന പൊലീസ് മേധാവിക്ക് കഴിയാതിരിക്കുകയും ചെയ്യുന്ന പശ്ചാതലത്തിലാണ് ഉപദേഷ്ടാവിന്റെ നിയമനം.

കീഴുദ്യോഗസ്ഥരെ നിയന്ത്രിക്കുന്ന കാര്യത്തില്‍ ലോക് നാഥ് ബഹ്‌റ ഒരു പരാജയമാണെന്ന അഭിപ്രായം സിപിഎം നേതൃത്വത്തിനുണ്ട്. രമണ്‍ ശ്രീവാസ്തവയെ പോലെ വലിയ അനുഭവ സമ്പത്തുള്ള ഒരു വ്യക്തി ഉപദേഷ്ടാവ് സ്ഥാനത്ത് വന്നാല്‍ വലിയ മാറ്റങ്ങള്‍ കൊണ്ടുവരാന്‍ കഴിയുമെന്നാണ് പ്രതീക്ഷ.

സുപ്രീം കോടതിയില്‍ നിന്ന് ടി പി സെന്‍കുമാറിന് അനുകൂലമായ വിധിയുണ്ടായാല്‍ അദ്ദേഹത്തെ സംസ്ഥാന പൊലീസ് മേധാവിയാക്കേണ്ടി വരുമെന്നതിനാല്‍ ‘നിയന്ത്രിക്കാന്‍’ രമണ്‍ ശ്രീവാസ്തവയക്ക് കഴിയുമെന്ന കണക്ക് കൂട്ടലും സര്‍ക്കാറിനുണ്ട്.

സര്‍ക്കാറുമായി കോടതിയില്‍ ഏറ്റുമുട്ടി വിജയിച്ചാല്‍ പിന്നെ സെന്‍കുമാര്‍ ഏത് രീതിയിലാണ് പ്രവര്‍ത്തിക്കുക എന്ന കാര്യത്തില്‍ സിപിഎം നേതൃത്വത്തിനും ആശങ്കയുണ്ട്. പ്രത്യേകിച്ച് സെന്‍കുമാറിനു വേണ്ടി ബിജെപി-ആര്‍എസ്എസ് നേതാക്കള്‍ പരസ്യമായി രംഗത്തിറങ്ങിയ സാഹചര്യത്തില്‍.

ഡിവൈഎസ്പി മുതല്‍ മുകളിലോട്ടുള്ള പൊലീസ് ഉദ്യോഗസ്ഥര്‍ക്കെതിരെ ശിക്ഷാ നടപടി സ്വീകരിക്കാനും സ്ഥലമാറ്റം നടത്താനും നേരിട്ടുള്ള അധികാരം ഡിജിപിക്ക് ഇല്ലങ്കിലും ക്രമസമാധാന ചുമതലയില്‍ നിര്‍ണ്ണായകമായ എസ്‌ഐ, സി ഐ തസ്തികകളില്‍ പൂര്‍ണ്ണ അധികാരം സംസ്ഥാന പൊലീസ് മേധാവിക്ക് തന്നെയാണ്.

പൊലീസിലെ സിസ്റ്റം തന്നെ പൊലീസ് മേധാവിയില്‍ കേന്ദ്രീകൃതവുമാണ്.ഈ സാഹചര്യത്തില്‍ സെന്‍കുമാര്‍ തിരിച്ച് പദവിയില്‍ വന്നാലും സിസ്റ്റത്തെ ‘തകര്‍ക്കാന്‍’ സര്‍ക്കാര്‍ ആഗ്രഹിക്കുന്നില്ല.

അവിടെയാണ് രമണ്‍ ശ്രീവാസ്തവ പോലെയുള്ള മുന്‍ പൊലീസ് മേധാവികളുടെ അനുനയത്തിനും ഉപദേശത്തിനും പ്രസക്തി വര്‍ദ്ധിക്കുന്നത്.

Top