‘പൊലീസ് സിപിഎം ഗുണ്ടകളുടെ ബി ടീമിനെ പോലെ; ഭരണം മാറുമെന്ന് മറക്കരുത്’: സുധാകരന്‍

തിരുവനന്തപുരം: കേരള പൊലീസ് സിപിഎം ഗുണ്ടകളുടെ ബി ടീമിനെപ്പോലെയാണ് പെരുമാറുന്നതെന്ന് കെപിസിസി പ്രസിഡന്റ് കെ സുധാകരൻ. ”സിപിഎം ക്രിമിനലുകൾ സംസ്ഥാനത്ത് നടത്തുന്ന എല്ലാ അക്രമങ്ങൾക്കും ചൂട്ടുപിടിച്ച് സംരക്ഷണം ഒരുക്കുകയാണ് പൊലീസ്. ആഭ്യന്തരമന്ത്രി ആരോപണ വിധേയനായപ്പോൾ അദ്ദേഹത്തെ സംരക്ഷിക്കാനുള്ള ഉത്തരവാദിത്തം പൊലീസ് സ്വയം ഏറ്റെടുത്തു. മധ്യസ്ഥതയ്ക്ക് ആളെ വിട്ടും കള്ളമൊഴി നൽകിയും വിജിലൻസ് മേധാവി മുതൽ ഗൺമാൻ വരെ മുഖ്യമന്ത്രിയെ രക്ഷിക്കാൻ ഓടിനടക്കുകയാണ്. സ്വർണ്ണക്കടത്ത് കേസിലെ പ്രതിയുടെ വെളിപ്പെടുത്തലിന്റെ പശ്ചാത്തലത്തിൽ മുഖ്യമന്ത്രിയുടെ രാജിക്കായുള്ള കോൺഗ്രസ് പ്രതിഷേധത്തിന് നേരെ പോലീസ് മൃഗീയമായ നരനായാട്ട് നടത്തുകയാണ്’ സുധാകരൻ പറഞ്ഞു.

കോൺഗ്രസ് പ്രവർത്തകരുടെ തലയ്ക്കും കണ്ണിനും നേരെയാണു പൊലീസ് ലാത്തി പ്രയോഗിക്കുന്നത്. പ്രതിഷേധക്കാരെ മർദ്ദിക്കാൻ സിപിഎം ഗുണ്ടകളെ ഇറക്കി. പൊലീസിന്റെ സാന്നിധ്യത്തിലാണ് മർദ്ദനം. ഇവരെ കസ്റ്റഡിയിലെടുക്കാനോ നിയമനടപടി സ്വീകരിക്കാനോ പൊലീസ് തയ്യാറാകുന്നില്ല. പകരം നോക്കിനിന്ന് രസിക്കുകയാണ്. ഇത്തരം സമീപനം തീക്കൊള്ളി കൊണ്ട് തലചൊറിയുന്നതിന് തുല്യമാണ്.’ – സുധാകരൻ മുന്നറിയിപ്പു നൽകി.

 

Top