police academy – ig – draving

തൃശൂര്‍: രാമവര്‍മപുരം പൊലീസ് അക്കാദമി ഐജിയുടെ പ്രായപൂര്‍ത്തിയാകാത്ത മകന്‍ അക്കാദമി ക്യാംപസിനകത്ത് ഔദ്യോഗിക സര്‍ക്കാര്‍ വാഹനം ഓടിക്കുന്നതിന്റെ വിഡിയോ ദൃശ്യങ്ങള്‍ പുറത്ത്.

ഐജി സുരേഷ് രാജ് പുരോഹിതിന്റെ മകന്‍ അക്കാദമി വളപ്പിലൂടെ കൊടിവച്ച ഔദ്യോഗിക വാഹനമോടിക്കുന്ന ദൃശ്യങ്ങളാണു പുറത്തായത്. ഇതുസംബന്ധിച്ച് മേലുദ്യോഗസ്ഥര്‍ക്കു പൊലീസുകാര്‍ തെളിവുസഹിതം പരാതി അയച്ചു. അഞ്ചു മിനിറ്റ് വീതം ദൈര്‍ഘ്യമുള്ള മൂന്നു ദൃശ്യങ്ങളാണുള്ളത്.

ഐജി വാഹനത്തില്‍ ഇരിക്കുന്നില്ലെങ്കിലും പൊലീസ് ഡ്രൈവര്‍ വലതുവശത്തെ സീറ്റിലുണ്ട്. മൂന്നു വിഡിയോകളിലും വ്യത്യസ്ത വാഹനങ്ങളാണ് ഓടിക്കുന്നത്. ഒരു വിഡിയോയില്‍ തൃശൂര്‍ റേഞ്ച് ഐജിയുടെ വാഹനമാണെങ്കില്‍ മറ്റൊന്നു പൊലീസ് അക്കാദമി ഐജിയുടേതാണ്.

നേരത്തെ തൃശൂര്‍ റേഞ്ച് ഐജിയുടെ ചുമതലയും സുരേഷ് രാജ് പുരോഹിത് വഹിച്ചിരുന്നു. ഔദ്യോഗിക കൊടിയും നെയിം ബോര്‍ഡും വിഡിയോകളില്‍ കാണാം. പ്ലസ് വണ്‍ വിദ്യാര്‍ഥിയാണ് ഐജിയുടെ മകന്‍.

തൃശൂര്‍ ശോഭ സിറ്റിയില്‍ വിവാദ വ്യവസായി നിഷാമിന്റെ പ്രായപൂര്‍ത്തിയാകാത്ത മകന്‍ ഫെറാറി കാര്‍ ഓടിച്ച സംഭവത്തില്‍ കേസെടുത്ത പൊലീസ് അധികൃതര്‍ ഐജിയുടെ മകന്‍ കാണിച്ച നിയമലംഘനം വിവാദമായിട്ടും നടപടിയെടുക്കാത്തതിനെതിരെ വിമര്‍ശനം ഉയര്‍ന്നിട്ടുണ്ട്.

പൊലീസ് അക്കാദമിയിലെ ഔദ്യോഗിക വാഹനം പൊലീസുകാരുടെ ബന്ധുക്കള്‍ ആരെങ്കിലും ഓടിക്കുകയാണെങ്കില്‍ പ്രത്യേക അനുമതി തേടേണ്ടതുണ്ട്. ഇവിടെ അനുമതി തേടിയില്ലെന്നു മാത്രമല്ല, പ്രായപൂര്‍ത്തിയാകാത്തയാളാണു വാഹനമോടിച്ചിരിക്കുന്നത്.

Top