സൗദിയെ മറികടന്ന് പോളണ്ട്; ഗോളും അസിസ്റ്റുമായി ലെവന്‍ഡോസ്‌കി

ദോഹ: ഖത്തര്‍ ലോകകപ്പില്‍ സൗദി അറേബ്യക്കെതിരെ പോളണ്ടിന് ജയം. റോബര്‍ട്ട് ലെവന്‍ഡോസ്‌കി ഒരു ഗോളും അസിസ്റ്റുമായി തിളങ്ങിയ മത്സരത്തില്‍ എതിരില്ലാത്ത രണ്ട് ഗോളിനായിരുന്നു പോളണ്ടിന്റെ ജയം. പിയോറ്റ് സിലിന്‍സ്‌കിയാണ് ആദ്യ ഗോള്‍ നേടിയത്. ആദ്യപകുതിയുടെ അവസാനങ്ങളില്‍ ഒരു പെനാല്‍റ്റി മുതലാക്കാന്‍ സാധിക്കാതെ പോയതും സൗദിക്ക് തിരിച്ചടിയായി. തോറ്റെങ്കിലും പോളണ്ടിനെ മികച്ച പോരാട്ടം പുറത്ത് എടുക്കാൻ സൗദിക്ക് സാധിച്ചിരുന്നു. പലപ്പോഴും പോളണ്ട് ഗോള്‍മുഖം വിറപ്പിക്കാന്‍ സൗദി മുന്നേറ്റത്തിനായി.

അര്‍ജന്റീനയെ തോല്‍പ്പിച്ച അതേ പ്രകടനം സൗദി ആവര്‍ത്തിക്കുകയായിരുന്നു. മത്സരം തുടങ്ങി നാലാം മിനിറ്റില്‍ തന്നെ സൗദി ആക്രമണം തുടങ്ങി. 14-ാം മിനിറ്റില്‍ ഒരു അവസരവും സൃഷ്ടിച്ചു. എന്നാല്‍ പോളിഷ് ഗോള്‍ കീപ്പര്‍ ഷെസ്‌നി രക്ഷകനായി. 15-ാം മിനിറ്റില്‍ യാക്കൂബ് കിവിയോറിനും 16-ാം മിനിറ്റില്‍ മാറ്റി കാഷിനും 19-ാം മിനിറ്റില്‍ അര്‍ക്കഡിയൂസ് മിലിക്കിനും മഞ്ഞകാര്‍ഡ് ലഭിച്ചു. 39-ാം മിനിറ്റില്‍ മത്സരത്തിലെ ആദ്യ ഗോളെത്തി. ലെവന്‍ഡോസ്‌കിയുടെ സഹായത്തില്‍ സെലിന്‍സ്‌കിയുടെ മനോഹരമായ ഫിനിഷ്. 44-ാം മിനിറ്റില്‍ സൗദിക്ക് പെനാല്‍റ്റി ലഭിച്ചു. എന്നാല്‍ മുതലാക്കാന്‍ സലേം അല്‍ദ്വസാറിക്ക് സാധിച്ചില്ല. താരത്തിന്റെ ഷോട്ട് പോളിഷ് ഗോള്‍കീപ്പര്‍ തടഞ്ഞിട്ടു. റീബൗണ്ടില്‍ സൗദി താരം ഗോളിന് ശ്രമിച്ചെങ്കിലും ഷെസ്‌നി ഒരിക്കല്‍കൂടി രക്ഷകനായി.

രണ്ടാം പാതിയില്‍ ഗോള്‍ മടക്കാനുള്ള വാശിയോടെയാണ് സൗദി ഇറങ്ങിയത്. അവരുടെ ആക്രമണത്തിനും മൂര്‍ച്ചകൂടി. എന്നാല്‍ 82-ാം മിനിറ്റില്‍ സൗദിക്ക് തിരിച്ചുവരാന്‍ കഴിയാത്ത വിധം പോളണ്ട് രണ്ടാം ഗോള്‍ നേടി. ലെവന്‍ഡോസ്‌ക്കിയുടെ ആദ്യ ലോകകപ്പ് ഗോളായിരുന്നു അത്. പ്രതിരോധതാരം മാലിക്കിയുടെ പിഴവ് മുതലെടുത്ത് ലെവ ലീഡുയര്‍ത്തി. 90-ാം മിനിറ്റില്‍ ഒരിക്കല്‍കൂടി ലെവയ്ക്ക് ഗോള്‍ നേടാമായിരുന്നു. ഗോള്‍ കീപ്പര്‍ മാത്രം മുന്നില്‍ നില്‍ക്കെ അദ്ദേഹം നടത്തിയ ചിപ്പ് ഗോള്‍ശ്രമം ഫലം കണ്ടില്ല. സൗദി ചില ഒറ്റപ്പെട്ട ശ്രമങ്ങള്‍ നടത്തിയെങ്കിലും ഗോള്‍വര കടത്താനായില്ല.

Top