വിഴിഞ്ഞം സമരം, പിന്നോട്ടില്ലെന്ന ആഹ്വാനവുമായി ലത്തീൻ അതിരൂപത പള്ളികളിൽ നാളെ സർക്കുലർ

തിരുവനന്തപുരം: വിഴിഞ്ഞം സമരത്തത്തിൽ നിന്ന് പിന്നോട്ടില്ലെന്ന് വ്യക്തമാക്കി ലത്തീൻ അതിരൂപത. സമരത്തിൽ നിന്ന് പിന്നോട്ടില്ല എന്ന ആഹ്വാനവുമായി അതിരൂപതയ്ക്ക് കീഴിലെ പള്ളികളിൽ നാളെ സർക്കുലർ വായിക്കും. ഇനിയുള്ള ദിവസങ്ങളിലെ സമരക്രമവും നാളെ പ്രഖ്യാപിക്കും.

അതേസമയം, വിഴിഞ്ഞത് ഇന്നും സംഘർഷാവസ്ഥയുണ്ടായി. തുറമുഖ നിർമാണം പുനരാരംഭിക്കാനുള്ള അദാനി ഗ്രൂപ്പിന്റെ ശ്രമം തീരവാസികൾ തടഞ്ഞതോടെ വിഴിഞ്ഞം യുദ്ധക്കളമായി മാറുകയായിരുന്നു. പദ്ധതിയെ അനുകൂലിക്കുന്നവരും എതിർക്കുന്നവരും ചേരിതിരിഞ്ഞ് ഏറ്റുമുട്ടി. ശക്തമായ കല്ലേറും ഉണ്ടായി. നിർമ്മാണ സാമഗ്രികളുമായെത്തിയ ലോറി തടഞ്ഞ പ്രതിഷേധക്കാർ വാഹനത്തിന് മുന്നിൽ കിടന്നും പ്രതിഷേധിച്ചു.

പൊലീസ് സംരക്ഷണത്തോടെ വിഴിഞ്ഞത്ത് ഇന്ന് നിർമ്മാണ പ്രവർത്തനങ്ങൾ വീണ്ടും തുടങ്ങുമെന്നായിരുന്നു അദാനി ഗ്രൂപ്പ് അറിയിച്ചിരുന്നത്. ഇക്കാര്യം വ്യക്തമാക്കി സംസ്ഥാന സർക്കാരിന് കത്തും നൽകിയിരുന്നു. നിർമ്മാണ സാമഗ്രികളുമായി വാഹനങ്ങൾ വിഴിഞ്ഞത്തേക്ക് എത്തുമെന്നായിരുന്നു സ‍ര്‍ക്കാരിനെ കമ്പനി അധികൃതർ അറിയിച്ചത്. ഇതനുസരിച്ച് വലിയ സുരക്ഷാ സന്നാഹവും പൊലീസ് ഒരുക്കിയിരുന്നു. എന്നാൽ തീരദേശവാസികൾ ഇതറിഞ്ഞതോടെ പ്രതിഷേധം വീണ്ടും ശക്തമാക്കിയതോടെ നീക്കം മുടങ്ങി.

Top