വഴിയില്‍ കിടന്ന് കിട്ടിയ മദ്യം കഴിച്ചു; ചികിത്സയിലായിരുന്ന യുവാവ് മരിച്ചു

കോട്ടയം: വഴിയിൽ കിടന്ന് ലഭിച്ച മദ്യം കഴിച്ച് ചികിത്സയിൽ കഴിഞ്ഞ മൂന്നു യുവാക്കളിൽ ഒരാൾ മരിച്ചു. അടിമാലി അപ്‌സരക്കുന്ന് സ്വദേശി കുഞ്ഞുമോൻ (40 ) ആണ് മരിച്ചത്. ഇയാൾ കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലായിരുന്നു.

അടിമാലി സ്വദേശികളായ അനിൽകുമാർ, മനോജ്, കുഞ്ഞുമോൻ എന്നിവർക്കാണ് മദ്യം കഴിച്ചതിനെത്തുടർന്ന് ശാരീരിക അസ്വസ്ഥത അനുഭവപ്പെട്ടത്. അടിമാലി അപ്‌സരക്കുന്നിന് സമീപം വഴിയിൽ കിടന്നു കിട്ടിയ മദ്യം സുഹൃത്താണ് ഇവർക്ക് നൽകിയത്.

ഈ മാസം എട്ടാം തീയതിയായിരുന്നു സംഭവം. മദ്യം കഴിച്ചതോടെ മൂന്നുപേർക്കും ശാരീരിക അവശതകൾ അനുഭവപ്പെട്ടു. തുടർന്ന് അടിമാലി താലൂക്ക് ആശുപത്രിയിലും പിന്നീട്, കോട്ടയം മെഡിക്കൽ കോളജിലേക്കും മാറ്റുകയായിരുന്നു. മദ്യത്തിൽ കീടനാശിനിയുടെ അംശം കലർന്നിരുന്നതായാണ് റിപ്പോർട്ട്.

Top