Poison Tap USB Device Can Hijack Any Locked Computer

പാസ് വേഡ് ഉപയോഗിച്ച് പൂട്ടി വച്ചിരിക്കുന്ന കമ്പ്യൂട്ടറുകളില്‍ നിന്ന് പോലും നിമിഷങ്ങള്‍ക്കുള്ളില്‍ രഹസ്യ വിവരങ്ങള്‍ ചോര്‍ത്തിയെടുക്കാന്‍ കഴിവുള്ള കുഞ്ഞന്‍ ഉപകരണം വിപണിയില്‍. വെറും 5 ഡോളര്‍ മാത്രം വില വരുന്നതാണ് പോയിസണ്‍ ടാപ് എന്ന പുതിയ ഉപകരണം.

യുഎസ്ബി കണക്ടര്‍ മുഖാന്തരം കമ്പ്യൂട്ടറുമായി ഘടിപ്പിക്കുന്ന തരത്തിലാണ് ഇതിന്റെ നിര്‍മിതി. കമ്പ്യൂട്ടറുമായി ഘടിപ്പിക്കുന്നതോടെ ആ കമ്പ്യൂട്ടറില്‍ ഉപയോഗിക്കുന്ന പാസ് വേഡും സൂക്ഷിച്ചിട്ടുള്ള ക്രെഡിറ്റ് കാര്‍ഡ് വിവരങ്ങളും ഫേസ്ബുക്ക്, ജി മെയില്‍ തുടങ്ങിയ വെബ്‌സൈറ്റുകളില്‍ ലോഗ് ചെയ്യാന്‍ ഉപയോഗിക്കുന്ന വിവരങ്ങളും നിമിഷങ്ങള്‍ക്കകം ഈ ഉപകരണം ചോര്‍ത്തിയെടുക്കും.

കമ്പ്യൂട്ടറില്‍ നിന്നുള്ള നെറ്റ് വര്‍ക്ക് ഹൈജാക്ക് ചെയ്താണ് ബ്രൌസറുമായി ബന്ധപ്പെട്ട വിവരങ്ങള്‍ ചോര്‍ത്തുക. കമ്പ്യൂട്ടര്‍ ഓണ്‍ ചെയ്ത് വച്ച് ഉപയോഗിക്കുന്ന ആള് അടുത്തില്ലാത്ത അവസ്ഥ വരുമ്പോള്‍ ഈ ഉപകരണമുപയോഗിച്ച് വിവരങ്ങള്‍ ഇങ്ങിനെ അടിച്ചു മാറ്റാനാവും.

കമ്പ്യൂട്ടറിലെ ബ്രൌസറിനെ ഹൈജാക്ക് ചെയ്ത് ലക്ഷക്കണക്കിന് വെബ്‌സൈറ്റുകളിലേക്ക് റിക്വിസ്റ്റുകള്‍ അയയ്ക്കാനും, മറ്റ് വെബ്‌സൈറ്റുകളില്‍ നിന്നും ഉപഭോക്താവിന്റെ കമ്പ്യൂട്ടറിലേക്ക് വന്നു ചേര്‍ന്നിരിക്കുന്ന കുക്കികളും സ്‌ക്രിപ്റ്റുകളും മോഷ്ടിച്ചെടുക്കാന്‍ ഇതിന് സാധിക്കും.

ഇങ്ങിനെ മോഷ്ടിച്ചെടുക്കുന്ന വിവരങ്ങളിലൂടെ ഹാക്കര്‍മാര്‍ക്ക് മറ്റുള്ളവരുടെ ഇമെയിലിലും മറ്റു സെക്യൂരിറ്റി സൈറ്റുകളിലും കടന്നു കയറാം. ക്രെഡിറ്റ് കാര്‍ഡ് തുടങ്ങിയവയുടെ വിവരങ്ങള്‍ ഉപയോഗിച്ച് പണമിടപാടുകള്‍ നടത്താനുമാവും

കുഞ്ഞന്‍ കമ്പ്യൂട്ടര്‍ എന്നറിയപ്പെടുന്ന റാസ്‌ബെറി പൈ സീറോ ഉപയോഗിച്ചാണ് പോയിസണ്‍ ടാപ് നിര്‍മ്മിച്ചിരിക്കുന്നത്.

റാസ്‌ബെറി പൈക്കൊപ്പം ഒരു മെമ്മറി കാര്‍ഡും മൈക്രോ യുഎസ്ബി കണക്ടറുമാണ് ഇതോടൊപ്പം ലഭിക്കുന്നത്. വിന്‍ഡോസ്, ഒഎസ്എക്‌സ്, ലിനക്‌സ് എന്നിങ്ങനെ ഏത് ഓപ്പറേറ്റിംഗ് സിസ്റ്റത്തിലും പ്രവര്‍ത്തിക്കാനാവും വിധമാണ് പോയിസണ്‍ ടാപിനെ പ്രോഗ്രാം ചെയ്തിരിക്കുന്നത്.

ഒരിക്കല്‍ ഈ ഉപകരണം ഘടിപ്പിച്ചു കഴിഞ്ഞാല്‍ ഇന്റര്‍നെറ്റിലൂടെ കമ്പ്യൂട്ടറിലെ പ്രവര്‍ത്തനങ്ങള്‍ നിയന്ത്രിക്കാനുള്ള സെറ്റിംഗുകള്‍ പോയിസണ്‍ ടാപ് കമ്പ്യൂട്ടറില്‍ വരുത്തും.

ഇതുമൂലം പോയിസണ്‍ ടാപ് ഊരിമാറ്റിക്കഴിഞ്ഞാലും ഹാക്കര്‍മാര്‍ക്ക് ഈ ഉപകരണം ഉപയോഗിച്ച കമ്പ്യൂട്ടറില്‍ നിന്നുള്ള വിവരങ്ങള്‍ മോഷ്ടിക്കാനാവും.

Top