വൈറ്റ്ഹൗസിലേക്ക് മാരക വിഷമുള്ള കത്തയച്ച സംഭവം; സ്ത്രീ അറസ്റ്റില്‍

white house

വാഷിംഗ്ടന്‍: വൈറ്റ്ഹൗസിലേക്ക് മാരകമായ റൈസിന്‍ വിഷം കലര്‍ന്ന കത്ത് അയച്ച സംഭവത്തില്‍ സ്ത്രീ അറസ്റ്റില്‍. ഇവരുടെ പേര് വെളിപ്പെടുത്തിയിട്ടില്ല. ന്യൂയോര്‍ക്ക്- കാനഡ അതിര്‍ത്തിയില്‍ കസ്റ്റംസും അതിര്‍ത്തി രക്ഷാ ഉദ്യോഗസ്ഥരും ചേര്‍ന്നാണ് സ്ത്രീയെ അറസ്റ്റ് ചെയ്തതെന്നാണു റിപ്പോര്‍ട്ട്.

അതേസമയം, സര്‍ക്കാര്‍ തപാല്‍ കേന്ദ്രത്തില്‍ വെച്ചു തന്നെ പാഴ്‌സലില്‍ വിഷം ഉള്‍ക്കൊള്ളുന്നതായി തിരിച്ചറിഞ്ഞതിനാല്‍ വൈറ്റ് ഹൗസിലേയ്ക്ക് പാഴ്‌സല്‍ എത്താതെ തടയാന്‍ സാധിച്ചതായി മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.

ജൈവായുധമായി ഉപയോഗിക്കാനാകുന്ന അതിമാരക വിഷമാണ് റസിന്‍. ശരീരത്തിന് ഉള്ളിലെത്തുകയോ ശ്വസിക്കുകയോ കുത്തിവെക്കുകയോ ചെയ്താല്‍ മരണകാരണമാകും. വിഷബാധയേറ്റ് 36-72 മണിക്കൂറുകള്‍ക്കുള്ളില്‍ മരണം സംഭവിക്കും. ഇതിന് നിലവില്‍ മറുമരുന്നുകളൊന്നുമില്ല.

മുന്‍പും വൈറ്റ് ഹൗസിലേക്ക് മാരക വിഷം ഉള്‍ക്കൊള്ളുന്ന പാഴ്‌സലുകള്‍ അയക്കപ്പെട്ടിട്ടുണ്ട്. ബരാക് ഒബാമ പ്രസിഡന്റായിരുന്ന കാലത്ത് രണ്ടു തവണ റസിന്‍ ഉള്‍ക്കൊള്ളുന്ന കത്തുകള്‍ വൈറ്റ് ഹൗസിലേയ്ക്ക് അയച്ച രണ്ടു സംഭവങ്ങളില്‍ രണ്ടു പേരെ അറസ്റ്റ് ചെയ്തിരുന്നു.

Top