വിശാഖപട്ടണത്തെ വിഷവാതക ചോര്‍ച്ച; കമ്പനി സി.ഇ.ഒ അടക്കം 12 പേര്‍ അറസ്റ്റില്‍

ആന്ധ്രാപ്രദേശ്: വിശാഖപട്ടണത്തെ എല്‍.ജി പോളിമര്‍ പ്ലാന്റില്‍ നിന്ന് വിഷവാതകം ചോര്‍ന്ന് 14 പേര്‍ മരിച്ച സംഭവത്തില്‍ കമ്പനി സി.ഇ.ഒയും ഡയറക്ടര്‍മാരും ഉള്‍പ്പെടെ 12 പേര്‍ അറസ്റ്റില്‍. പിടിയിലായ രണ്ട് ഡയറക്ടര്‍മാരും വിദേശികളാണ്. സംഭവത്തെ കുറിച്ച് അന്വേഷിയ്ക്കാന്‍ സര്‍ക്കാര്‍ നിയോഗിച്ച ഉന്നതാധികാര സമിതിയുടെ റിപ്പോര്‍ട്ട് പ്രകാരമാണ് നടപടി.

സുരക്ഷാ മാനദണ്ഡങ്ങള്‍ പാലിക്കാത്തതാണ് വാതകചോര്‍ച്ചയ്ക്ക് കാരണമെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു. മെയ് ഏഴിനാണ് പ്ലാന്റിലെ എം 6 ടാങ്കില്‍ നിന്ന് സ്റ്റെറൈന്‍ വാതകം ചോര്‍ന്നത്. കുട്ടികള്‍ അടക്കം നിരവധി പേര്‍ക്ക് ഗുരുതര ആരോഗ്യ പ്രശ്‌നങ്ങളുമുണ്ടായി.

മേയ് 7നാണ് ദുരന്തമുണ്ടായത്. ലോക്ഡൗണിന് ശേഷം പ്ലാന്റ് തുറന്നു പ്രവര്‍ത്തിക്കാനിരിക്കെയാണ് വിഷവാതകം പുറത്തേക്ക് വമിച്ചത്. പ്രദേശത്തെ അഞ്ചു കിലോമീറ്ററോളം ചുറ്റളവില്‍ വാതകം വ്യാപിച്ചു. ശ്വാസതടസവും കണ്ണെരിച്ചിലും അനുഭവപ്പെട്ടതിനെ തുടര്‍ന്ന് ആളുകള്‍ വീടുവിട്ടിറങ്ങി. റോഡരികില്‍ ബോധരഹിതരായി വീണു. ആദ്യഘട്ടത്തില്‍ രക്ഷാ പ്രവര്‍ത്തനവും ദുഷ്‌കരമായി. പൊലീസിനും നാട്ടുകാര്‍ക്കും ശ്വാസതടസവും ആരോഗ്യപ്രശ്‌നങ്ങളും കാരണം കുറച്ചു സമയത്തേയ്ക്ക് ഒന്നും ചെയ്യാന്‍ സാധിച്ചില്ല.

Top