ഫുള്‍ഹാമിനെ കീഴടക്കി മാഞ്ചെസ്റ്റര്‍ യുണൈറ്റഡ് പോയന്റ് പട്ടികയില്‍ ഒന്നാമതായി തുടരുന്നു

ലണ്ടന്‍: ഇംഗ്ലീഷ് പ്രീമിയര്‍ ലീഗില്‍ മാഞ്ചെസ്റ്റര്‍ യുണൈറ്റഡ് ഒന്നിനെതിരേ രണ്ടു ഗോളുകള്‍ക്ക് ഫുള്‍ഹാമിനെ കീഴടക്കി. സീസണില്‍ പരാജയമറിയാതെ തുടർച്ചയായി 13 മത്സരങ്ങള്‍ പൂര്‍ത്തിയാക്കിയ മാഞ്ചെസ്റ്റര്‍ യുണൈറ്റഡ് പോയന്റ് പട്ടികയില്‍ ഒന്നാമതായി തുടരുന്നു. ഫുള്‍ഹാമിന്റെ മൈതാനത്ത് നടന്ന മത്സരത്തിലെ അഞ്ചാം മിനിറ്റിൽ യുവതാരം അഡെമോല ലൂക്ക്മാനിലൂടെ ഫുള്‍ഹാമാണ് ആദ്യം ലീഡെഡുത്തത്. ഗോള്‍ വഴങ്ങിയതോടെ ഉണര്‍ന്നു കളിച്ച യുണൈറ്റഡ് കൂടുതല്‍ ആക്രമിച്ചു കളിച്ചു. 21-ാം മിനിറ്റിൽ എഡിന്‍സണ്‍ കവാനിയിലൂടെ യുണൈറ്റഡ് സമനില ഗോള്‍ നേടി. ബ്രൂണോ ഫെര്‍ണാണ്ടസിന്റെ തകര്‍പ്പന്‍ പാസിലൂടെയാണ് താരം ഗോള്‍ നേടിയത്. ആദ്യ പകുതിയില്‍ ഇരുടീമുകളും സമനില പാലിച്ചു.

പിന്നീട് രണ്ടാം പകുതിയിലെ 65-ാം മിനിട്ടില്‍ അവിശ്വസനീയമായ കിക്കിലൂടെ ടീമിന് ലീഡ് നല്‍കി സൂപ്പര്‍ താരം പോള്‍ പോഗ്ബ വിജയത്തിലെത്തിച്ചു. പോഗ്ബയെടുത്ത ലോങ്‌റേഞ്ചര്‍ മഴവില്ലുപോലെ വളഞ്ഞ് പോസ്റ്റിന്റെ ഇടത്തേ മൂലയിലേക്ക് വീണു. ഇതോടെ യുണൈറ്റഡ് വിജയമുറപ്പിച്ചു. മറ്റൊരു പ്രധാന മത്സരത്തില്‍ കരുത്തരായ ചെല്‍സിയെ കീഴടക്കി ലെസ്റ്റര്‍ സിറ്റി പോയന്റ് പട്ടികയില്‍ മൂന്നാം സ്ഥാനത്തേക്ക് കയറി. എന്‍ഡിഡിയും മാഡിസണുമാണ് ടീമിനായി സ്‌കോര്‍ ചെയ്തത്. ആസ്റ്റണ്‍ വില്ലയെ കീഴടക്കി മാഞ്ചെസ്റ്റര്‍ സിറ്റിയും വിജയമാഘോഷിച്ചു. നിലവില്‍ 19 മത്സരങ്ങളില്‍ നിന്നും 40 പോയന്റുള്ള മാഞ്ചെസ്റ്റര്‍ യുണൈറ്റഡ് പോയന്റ് പട്ടികയില്‍ ഒന്നാം സ്ഥാനത്ത് നില്‍ക്കുമ്പോള്‍ 18 മത്സരങ്ങളില്‍ നിന്നും 38 പോയന്റുള്ള സിറ്റി രണ്ടാമതാണ്. ലെസ്റ്ററിനും ഇത്ര പോയന്റാണെങ്കിലും ടീം 19 മത്സരങ്ങള്‍ കളിച്ചുകഴിഞ്ഞു. ലിവര്‍പൂളാണ് നാലാം സ്ഥാനത്ത്.

Top