മാതൃഭൂമി സാഹിത്യ പുരസ്കാരം കവി സച്ചിദാനന്ദന്

കോഴിക്കോട് : 2020-ലെ മാതൃഭൂമി സാഹിത്യ പുരസ്‌കാരം കവി സച്ചിദാനന്ദന്. മൂന്നു ലക്ഷം രൂപയും പ്രശസ്തിപത്രവും ശില്‍പ്പവുമടങ്ങുന്നതാണ് പുരസ്‌കാരം. കഥാകൃത്ത് സക്കറിയ, ചെയർമാനും എഴുത്തുകാരിയുമായ സാറാ ജോസഫ്, സന്തോഷ് എച്ചിക്കാനം എന്നിവരടങ്ങിയ സമിതിയാണ് പുരസ്കാരം നിർണയിച്ചത്.

കെ. സച്ചിദാനന്ദന്‍ എന്ന സച്ചിദാനന്ദന്‍ 1946-ല്‍ തൃശ്ശൂര്‍ ജില്ലയിലെ കൊടുങ്ങല്ലൂരില്‍ പുല്ലൂറ്റിലാണ് ജനിച്ചത്. കുട്ടിക്കാലത്തേ കവിതയെഴുത്താരംഭിച്ച അദ്ദേഹം ക്രൈസ്റ്റ് കോളേജില്‍ ഇംഗ്ലീഷ് അധ്യാപകന്‍, ഇന്ത്യന്‍ ലിറ്ററേച്ചറിന്റെ എഡിറ്റര്‍, കേന്ദ്ര സാഹിത്യ അക്കാദമി സെക്രട്ടറി, ‘ഇഗ്നോ’വില്‍ പരിഭാഷാവകുപ്പ് പ്രൊഫസറും ഡയറക്ടറും എന്നിങ്ങനെ നിരവധി പദവികള്‍ വഹിച്ചു. അറബി, ഫ്രഞ്ച്, ഇംഗ്ലീഷ്, ഇറ്റാലിയന്‍, ഐറിഷ്, ചൈനീസ്, ജാപ്പനീസ്, ജര്‍മന്‍, ഹിന്ദി, ബംഗാളി ഉള്‍പ്പെടെയുള്ള ഭാഷകല്‍ലേയ്ക്ക് സച്ചിദാനന്ദന്റെ കവിതകള്‍ പരിഭാഷപ്പെടുത്തിട്ടുണ്ട്.

തഥാഗതം, നില്ക്കുന്ന മനുഷ്യന്‍, സമുദ്രങ്ങളെക്കുറിച്ചു മാത്രമല്ല, പക്ഷികള്‍ എന്റെ പിറകേ വരുന്നു, ദുഃഖം എന്ന വീട് എന്നിവ സച്ചിദാനന്ദന്റെ പ്രധാന കാവ്യഗ്രന്ഥങ്ങളാണ്. മലയാള കവിതാപഠനങ്ങള്‍ ഉള്‍പ്പെടെ 23 ലേഖനസമാഹാരങ്ങള്‍ അദ്ദേഹം എഴുതിയിട്ടുണ്ട്. അഞ്ച് തവണ കേരള സാഹിത്യ അക്കാദമി അവാര്‍ഡ് നേടിയിട്ടുണ്ട്. കേന്ദ്ര സാഹിത്യ അക്കാദമി അവാര്‍ഡ്, വയലാര്‍ അവാര്‍ഡ് തുടങ്ങി ഒട്ടനവധി പുരസ്‌കാരങ്ങൾക്ക് അദ്ദേഹം അർഹനായിട്ടുണ്ട്.

Top