കവിയും സാംസ്‌കാരികപ്രവര്‍ത്തകനുമായ ലൂയിസ് പീറ്റര്‍ അന്തരിച്ചു

എറണാകുളം: കേരളത്തിലെ സാഹിത്യസദസ്സുകളിലും ജനകീയസമരങ്ങളിലും കൂട്ടായ്മകളിലും സജീവസാന്നിധ്യമായിരുന്ന കവിയും സാംസ്‌കാരികപ്രവര്‍ത്തകനുമായ ലൂയിസ് പീറ്റര്‍ (59)അന്തരിച്ചു. ‘ലൂയിപ്പാപ്പന്‍’ എന്നാണ് അടുപ്പമുള്ളവര്‍ അദ്ദേഹത്തെ വിളിച്ചിരുന്നത്. മുന്‍ ഫെഡറല്‍ ബാങ്ക് ജീവനക്കാരനായിരുന്ന അദ്ദേഹം ജോലി രാജിവച്ച് പിന്നീട് മുഴുവന്‍ സമയസാഹിത്യകാരനായി.

കൂട്ടായ്മകളിലൂടെയും സൗഹൃദങ്ങളിലൂടെയും ജീവിച്ചു. കുറച്ചുകാലമായി വീട്ടില്‍ അസുഖബാധിതനായി വിശ്രമത്തിലായിരുന്നു. സ്വകാര്യ ആശുപത്രിയില്‍ ചികിത്സ തേടിയിരുന്നെങ്കിലും തിരികെ വീട്ടിലെത്തി വിശ്രമം തുടര്‍ന്നു. വൈകിട്ട് അഞ്ചേമുക്കാലോടെയാണ് ആരോഗ്യനില മോശമാവുകയും മരണം സംഭവിക്കുകയും ചെയ്തത്.

1986ലാണ് ലൂയിസ് പീറ്റര്‍ ആദ്യകവിതയെഴുതുന്നത്. പിന്നീട് ഇരുപത് വര്‍ഷത്തെ നീണ്ട ഇടവേള. ഇതിന് ശേഷമാണ് വീണ്ടും കവിതയുമായി രംഗത്തെത്തിയതും. പിന്നീട് അദ്ദേഹത്തിന്റെ കവിതകളെല്ലാം ചേര്‍ത്ത് ‘ലൂയിസ് പീറ്ററിന്റെ കവിതകള്‍’ എന്ന പുസ്തകം തൃശ്ശൂരിലെ 3000 ബിസി സ്‌ക്രിപ്റ്റ് മ്യൂസിയം എന്ന പ്രസാധകസംഘം പുറത്തിറക്കി. 67 കവിതകളാണ് ഇതില്‍ സമാഹരിക്കപ്പെട്ടത്.

Top