പോക്‌സോ കേസ് നിലനില്‍ക്കില്ല; മുന്‍കൂര്‍ ജാമ്യം തേടി രഹന ഹൈക്കോടതിയില്‍

കൊച്ചി: മക്കളെക്കൊണ്ട് നഗ്‌നശരീരത്തില്‍ ചിത്രം വരപ്പിക്കുകയും വീഡിയോ സോഷ്യല്‍ മീഡിയയില്‍ പ്രചരിപ്പിക്കുകയും ചെയ്തത കേസില്‍ മുന്‍കൂര്‍ ജാമ്യം തേടി രഹന ഫാത്തിമ ഹൈക്കോടതിയില്‍. തനിയ്‌ക്കെതിരായ പോക്‌സോ കേസ് നിലനില്‍ക്കില്ലെന്ന് വാദിച്ചാണ് ഇവര്‍ ഹൈക്കോടതിയെ സമീപിച്ചിരിക്കുന്നത്.

‘ബോഡി ആന്‍ഡ് പൊളിറ്റിക്‌സ്’ എന്ന തലക്കെട്ടില്‍ കഴിഞ്ഞ ദിവസമാണ് യുട്യൂബിലും ഫെയ്‌സ്ബുക്കിലും രഹന വീഡിയോ പോസ്റ്റ് ചെയ്തത്. പ്രായപൂര്‍ത്തിയാകാത്ത മകനും മകളും ചേര്‍ന്ന് രഹനയുടെ നഗ്‌നദേഹത്ത് ചിത്രം വരയ്ക്കുന്നതാണ് വീഡിയോ. സ്ത്രീ ശരീരവും ലൈംഗികതയും സംബന്ധിച്ച പഠനം വീട്ടില്‍ നിന്ന് തുടങ്ങിയാലേ സമൂഹത്തില്‍ മാറ്റം കൊണ്ടുവരാന്‍ കഴിയൂ എന്ന കുറിപ്പോടെയായിരുന്നു പോസ്റ്റ്.

ഇതേത്തുടര്‍ന്ന് രഹനയ്‌ക്കെതിരേ പൊലീസ് കേസെടുക്കുകയും വ്യാഴാഴ്ച ഇവരുടെ വീട്ടില്‍ റെയ്ഡ് നടത്തുകയും ചെയ്തിരുന്നു. കൊച്ചി പനമ്പിള്ളി നഗറിലെ വീട്ടില്‍ നടത്തിയ റെയ്ഡില്‍ പെയിന്റിങ് ബ്രഷ്, ചായം, ലാപ്‌ടോപ്പ് എന്നിവ ഉള്‍പ്പെടെയുള്ള വസ്തുക്കള്‍ പൊലീസ് പിടിച്ചെടുത്തിരുന്നു. എന്നാല്‍, റെയ്ഡിന്റെ സമയത്ത് രഹന വീട്ടില്‍ ഉണ്ടായിരുന്നില്ല.

രഹന കോഴിക്കോടാണെന്നാണ് വിവരമെന്നും എറണാകുളത്ത് തിരിച്ചെത്തുമ്പോള്‍ ഹാജരാകാന്‍ നിര്‍ദേശിച്ചിട്ടുണ്ടെന്നും പൊലീസ് അറിയിച്ചു. രഹന പോലീസ് സ്റ്റേഷനില്‍ ഹാജരാകുമെന്നും കുറ്റം ചെയ്തിട്ടില്ലാത്തതിനാല്‍ മുന്‍കൂര്‍ ജാമ്യത്തിന് ശ്രമിക്കില്ലെന്നും അവരുടെ ഭര്‍ത്താവും പറഞ്ഞിരുന്നു. എന്നാല്‍, ഇന്ന് രഹന അഭിഭാഷകന്‍ മുഖേന ഹൈക്കോടതിയെ സമീപിക്കുകയായിരുന്നു.

Top