പോക്‌സോ കേസ്; കെ സുധാകരനെതിരായ ആരോപണം അന്വേഷിക്കണമെന്ന് കെപിസിസി

 

തിരുവനന്തപുരം: മോന്‍സന്‍ മാവുങ്കല്‍ പ്രതിയായ പോക്‌സോ കേസിലെ കെ സുധാകരനെതിരായ സിപിഎം ആരോപണത്തില്‍ ഗൂഢാലോചന അന്വേഷിക്കണമെന്ന് കെപിസിസി. ഇക്കാര്യം ആവശ്യപ്പെട്ട് കെപിസിസി ഇന്ന് പൊലീസില്‍ പരാതി നല്‍കും. 11 മണിക്ക് സംഘടനാ ചുമതലയുള്ള ജനറല്‍ സെക്രട്ടറി ടി യു രാധാകൃഷ്ണന്‍ ഡിജിപിക്ക് പരാതി നല്‍കും എന്നാണ് വിവരം.

അതേസമയം, പുരാവസ്തു തട്ടിപ്പ് കേസില്‍ മുന്‍കൂര്‍ ജാമ്യം തേടി കെപിസിസി അധ്യക്ഷന്‍ കെ സുധാകരന്‍ സമര്‍പ്പിച്ച ഹര്‍ജി ഹൈക്കോടതി ഇന്ന് പരിഗണിക്കും. പരാതിക്കാരുടെ ആദ്യപരാതിയില്‍ തന്റെ പേര് ഇല്ലായിരുന്നുവെന്നും രാഷ്ട്രീയ പ്രേരിതമായ കേസ് എന്നാണ് കെപിസിസി പ്രസിഡന്റിന്റെ വാദം. കെപിസിസി അധ്യക്ഷന്‍ രണ്ടാം പ്രതിയായ കേസില്‍ മോണ്‍സന്‍ മാവുങ്കലാണ് ഒന്നാം പ്രതി. കേസില്‍ ചോദ്യം ചെയ്യലിന് വെള്ളിയാഴ്ച ഹാജരാകാനാണ് സുധാകരന് ക്രൈംബ്രാഞ്ച് നോട്ടീസ് നല്‍കിയിരിക്കുന്നത്.

 

Top