അസ്മിയ പീഡനത്തിന് ഇരയായിരുന്നെന്ന് കണ്ടെത്തല്‍, പൂന്തുറ സ്വദേശിയായ യുവാവിനായി തെരച്ചില്‍

തിരുവനന്തപുരം ബാലരാമപുരത്തെ മതപഠന കേന്ദ്രത്തില്‍ പെണ്‍കുട്ടി ആത്മഹത്യ ചെയ്ത സംഭവത്തില്‍ പോക്സോ വകുപ്പ് ചുമത്തി പൊലീസ്. പെണ്‍കുട്ടി പീഡനത്തിന് ഇരയായെന്ന് പോസ്റ്റ്മോര്‍ട്ടത്തില്‍ വ്യക്തമായതിനെ തുടര്‍ന്നാണ് നടപടി. പീഡനം നടന്നത് ഒരു വര്‍ഷം മുന്‍പാണെന്നാണ് പൊലീസിന്റെ കണ്ടെത്തല്‍. കുറ്റാരോപിതനായ പൂന്തുറ സ്വദേശിയായ യുവാവിനായി തെരച്ചില്‍ തുടരുകയാണ്.

ബാലരാമപുരം പൊലീസെടുത്ത പോക്സോ കേസ് പൂന്തുറ പൊലീസിന് കൈമാറിയിട്ടുണ്ട്. പോക്സോ കേസ് പൂന്തുറ പൊലീസും മതപഠന കേന്ദ്രത്തിലെ ദുരൂഹ മരണവുമായി ബന്ധപ്പെട്ട കേസുകള്‍ നെയ്യാറ്റിന്‍കര എഎസ്പിയുടെ നേതൃത്വത്തിലുള്ള അന്വേഷണസംഘം അന്വേഷിക്കുന്നത് തുടരുകയും ചെയ്യും. പെണ്‍കുട്ടിയുടെ ആത്മഹത്യയ്ക്ക് ശേഷം മതപഠനശാലയ്ക്ക് നേരെ നിരവധി ഗുരുതര ആരോപണങ്ങള്‍ ഉയര്‍ന്നിരുന്നു. ഈ കേസില്‍ അന്വേഷണം പുരോഗമിക്കുന്നതിനിടെയാണ് കേസില്‍ ഇത്തരമൊരു വഴിത്തിരിവ് ഉണ്ടായിരിക്കുന്നത്.

അസ്മിയയുടെ മരണം ആത്മഹത്യയാണെന്ന് ഉള്‍പ്പെടെയുള്ള ചില വിവരങ്ങളാണ് പ്രാഥമിക പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ടിലുണ്ടായിരുന്നത്. വിശദമായ പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട് പുറത്തുവന്നപ്പോഴാണ് പീഡനവിവരം ഉള്‍പ്പെടെ കണ്ടെത്തുന്നത്. എന്നാല്‍ അസ്മീയയുടേത് ആത്മഹത്യയെന്ന് കരുതുന്നില്ലെന്നും ശക്തമായ അന്വേഷണം വേണമെന്നമുള്ള ആവശ്യത്തില്‍ ഉറച്ച് നില്‍ക്കുകയാണ് ബന്ധുക്കള്‍. സംഭവത്തില്‍ അന്വേഷണത്തിനായി നെയ്യാറ്റിന്‍കര എഎസ്പിയുടെ മേല്‍നോട്ടത്തില്‍ 13 അംഗ സംഘത്തെയാണ് നിയോഗിച്ചിരിക്കുന്നത്‌

Top