ബ്രിജ്ഭൂഷണെതിരായ പോക്സോ കേസ്; കോടതി പെൺകുട്ടിക്കും പിതാവിനും നോട്ടിസ് അയച്ചു

ന്യൂഡൽഹി : ബിജെപി എംപിയും ദേശീയ റെസ്‌ലിങ് ഫെഡറേഷൻ പ്രസിഡന്റുമായ ബ്രിജ്ഭൂഷൺ ശരൺ സിങ്ങിനെതിരായ പോക്സോ കേസിലെ നടപടികൾ അവസാനിപ്പിക്കാനുള്ള ഡൽഹി പൊലീസ് ശുപാർശയിൽ കോടതി പെൺകുട്ടിക്കും പിതാവിനും നോട്ടിസ് അയച്ചു. ഡൽഹി പൊലീസ് നൽകിയ റിപ്പോർട്ട് പരിഗണിച്ച അഡീഷനൽ സെഷൻസ് ജഡ്ജി ചാവി കപൂറാണ് ഇരുവരുടെയും മറുപടി തേടിയത്. വിഷയം ഓഗസ്റ്റ് ഒന്നിനു വീണ്ടും പരിഗണിക്കുമെന്നും തുടർ നടപടികൾ അന്നു തീരുമാനിക്കുമെന്നും കോടതി വ്യക്തമാക്കി.

പ്രായപൂർത്തിയാകാത്ത പെൺകുട്ടിയുടെ പരാതിയിൽ റജിസ്റ്റർ ചെയ്തിരുന്ന പോക്സോ കേസിൽ മതിയായ തെളിവുകളില്ലെന്നു വ്യക്തമാക്കി 550 പേജുള്ള റിപ്പോർട്ട് ജൂൺ 15നാണു ഡൽഹി പൊലീസ് സമർപ്പിച്ചത്. ബ്രിജ്ഭൂഷണെതിരെ നൽകിയതു വ്യാജ പരാതിയാണെന്നു പെൺകുട്ടിയുടെ പിതാവ് പിന്നീടു വെളിപ്പെടുത്തിയിരുന്നു. മകളോടു നീതിപൂർണമായ സമീപനമല്ല അദ്ദേഹം സ്വീകരിച്ചതെന്നും അതിനു മറുപടി നൽകുകയെന്ന ലക്ഷ്യത്തോടെയാണു വ്യാജ പരാതി നൽകിയതെന്നുമായിരുന്നു വിശദീകരണം. പെൺകുട്ടിയും പിതാവും ഡൽഹി പൊലീസിനു മുന്നിൽ പുതിയ മൊഴിയും നൽ‍കി. ഇതിന്റെ വിശദാംശങ്ങളെല്ലാം ഡൽഹി പൊലീസിന്റെ റിപ്പോർട്ടിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.

Top