പദവി ബാലക്ഷേമ സമിതി അധ്യക്ഷന്‍; ഹാജരായത് പോക്‌സോ കേസിലെ പ്രതികള്‍ക്ക് വേണ്ടി

പാലക്കാട്: പദവിയിലിരിക്കെ പോക്‌സോ കേസിലെ പ്രതികള്‍ക്കുവേണ്ടി ഹാജരായ പാലക്കാട് ബാലക്ഷേമ സമിതി അധ്യക്ഷനായിരുന്ന അഡ്വ. എന്‍ രാജേഷിനെ പുറത്താക്കി. മഹിളാ സമഖ്യയുടെ പരാതിയെ തുടര്‍ന്നാണ് സാമൂഹ്യനീതി വകുപ്പിന്റെ നടപടി. ബാലാവകാശ സംരക്ഷണത്തിനുള്ള കേന്ദ്ര-സംസ്ഥാന സമിതികളില്‍ ഒന്നും രാജേഷിനെ ഉള്‍പ്പെടുത്തരുതെന്നും സാമൂഹ്യനീതി വകുപ്പ് ഡയറക്ടര്‍ ഡോ ബിജു പ്രഭാകര്‍ ഇറക്കിയ ഉത്തരവില്‍ പറയുന്നു.

പാലക്കാട് ബാലക്ഷേമ സമിതി അധ്യക്ഷ സ്ഥാനം ഏറ്റ് ദിവസങ്ങള്‍ക്ക് ശേഷം ആണ് മണ്ണാര്‍ക്കട്ടെ പോക്‌സോ കേസിലെ പ്രതികള്‍ക്ക് വേണ്ടി അഡ്വ എന്‍ രാജേഷ് ഹാജര്‍ ആയത്. നിര്‍ഭയ കേന്ദ്രത്തില്‍ കഴിയുകയായിരുന്ന കുട്ടിയെ അവിടെനിന്ന് അടിയന്തരമായി മാറ്റണമെന്നും സിഡബ്ല്യുസി യോഗത്തില്‍ രാജേഷ് നിലപാടെടുത്തു. അതേസമയം വാളയാര്‍ കേസില്‍ പ്രതിയായിരുന്ന പ്രദീപിന് വേണ്ടി ഹാജര്‍ ആയതിനെ കുറിച്ച് പുറത്താക്കിയ ഉത്തരവില്‍ പരാമര്‍ശം ഇല്ല. വാളയാര്‍ കേസില്‍ ഹാജരായത് വിവാദമായതോടെ രാജേഷിനെ ചുമതലയില്‍ നിന്ന് മാറ്റിയിരുന്നു.

Top