ന്യൂമോണിയ കേസുകള്‍ വര്‍ധിക്കുന്നു; ചൈനയ്ക്ക് ജാഗ്രതാ നിര്‍ദേശം നല്‍കി ലോകാരോഗ്യസംഘടന

ചൈനയില്‍ ന്യൂമോണിയ കേസുകള്‍ വര്‍ദ്ധിക്കുന്നതായി റിപ്പോര്‍ട്ടുകള്‍. ഇതുസംബന്ധിച്ച് ലോകാരോഗ്യ സംഘടന ഔദ്യോഗികമായി വിശദമായ റിപ്പോര്‍ട്ട് തേടിയിട്ടുണ്ട്. ചൈനയില്‍ കുട്ടികളിലാണ് ന്യൂമോണിയ പടര്‍ന്നുപിടിക്കുന്നത്. രോഗം ബാധിച്ച കുട്ടികളില്‍ ശ്വാസകോശ വീക്കം, കടുത്ത പനി തുടങ്ങിയ ലക്ഷണങ്ങള്‍ പ്രകടമായതായി വിദഗ്ധര്‍ പറയുന്നു. ന്യൂമോണിയ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തതിനെ തുടര്‍ന്ന് ലോകാരോഗ്യസംഘടന ജാഗ്രതാ നിര്‍ദേശം നല്‍കിയിട്ടുണ്ട്.

ബീജിംഗ് ഉള്‍പ്പെടെ രാജ്യത്തുടനീളമുള്ള നഗരങ്ങളില്‍ ന്യുമോണിയ പൊട്ടിപ്പുറപ്പെട്ട സാഹചര്യമാണുള്ളത്. ബീജിങിലെ പല സ്‌കൂളുകളും അടച്ചിട്ടിരിക്കുകയാണ്. ഇതോടെ ചൈനയിലെ ആശുപത്രികള്‍ രോഗബാധിതരായ കുട്ടികളെക്കൊണ്ട് നിറഞ്ഞിരിക്കുന്നതായി ചൈനീസ് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. സ്‌കൂളുകള്‍ അടച്ചിടേണ്ട സാഹചര്യത്തിലേക്ക് കാര്യങ്ങള്‍ എത്തുകയാണെന്ന് പ്രാദേശിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.

കൊവിഡ് 10 നിയന്ത്രണങ്ങള്‍ നീക്കിയത് ഇന്‍ഫ്‌ലുവന്‍സ, മൈകോപ്ലാസ്മ ന്യുമോണിയ, റെസ്പിറേറ്ററി സിന്‍സിറ്റിയല്‍ വൈറസ്, തുടങ്ങിയ രോഗങ്ങള്‍ ബാധിക്കുന്നവരുടെ എണ്ണത്തില്‍ വര്‍ദ്ധനവ് ഉണ്ടായതായി ചൈനീസ് അധികൃതര്‍ പറയുന്നു. ഒക്ടോബര്‍ പകുതി മുതല്‍ വടക്കന്‍ ചൈനയില്‍ ഇന്‍ഫ്‌ലുവന്‍സ പോലുള്ള അസുഖങ്ങള്‍ മുന്‍ മൂന്ന് വര്‍ഷങ്ങളിലെ കാലയളവിനെ അപേക്ഷിച്ച് വര്‍ധിച്ചതായി ലോകാരോഗ്യ സംഘടന അറിയിച്ചു.

Top