വജ്ര വ്യാപാരി നീരവ് മോദിയുടെ ജുഡീഷ്യല്‍ കസ്റ്റഡി കാലാവധി നീട്ടി

ലണ്ടന്‍: പഞ്ചാബ് നാഷണല്‍ ബാങ്കില്‍ നിന്നും കോടികള്‍ വായ്പ്പയെടുത്ത് മുങ്ങിയ വജ്ര വ്യാപാരി നീരവ് മോദിയുടെ ജുഡീഷ്യല്‍ കസ്റ്റഡി കാലാവധി നീട്ടി. നവംബര്‍ 11 വരെയാണ് കസ്റ്റഡി കാലാവധി നീട്ടിയിരിക്കുന്നത്. ലണ്ടന്‍ വെസ്റ്റ്മിന്‍സ്റ്റര്‍ മജിസ്ട്രേറ്റ് കോടതിയുടെതാണ് നടപടി. കഴിഞ്ഞ മൂന്ന് തവണയും കോടതി നീരവിന്റെ ജാമ്യാപേക്ഷ തള്ളിയിരുന്നു.

ലണ്ടനിലെ ജയിലില്‍ കഴിയുന്ന നീരവിനെ വീഡിയോ കോണ്‍ഫറന്‍സ് വഴിയാണ് കോടതി വിസ്തരിച്ചത്.

അതേസമയം അന്വേഷണങ്ങള്‍ക്കായി നിരവ് മോദിയെ വിട്ടുനല്‍കണമെന്നാവശ്യപ്പെട്ട് ഇന്ത്യ ബ്രിട്ടനെ സമീപിച്ചിരുന്നു. ഇതിനായുള്ള വിചാരണ അടുത്ത മെയില്‍ തുടങ്ങുമെന്നാണ് ലണ്ടന്‍ കോടതി അറിയിച്ചത്.

പണം തട്ടിച്ചു നാടുവിട്ട ശേഷം അറസ്റ്റിലായ വജ്ര വ്യാപാരി നീരവ് മോദി ഇപ്പോള്‍ ലണ്ടനില്‍ തടവില്‍ കഴിയുകയാണ്. മാര്‍ച്ച് 19നാണ് നീരവ് ലണ്ടനില്‍ അറസ്റ്റിലായത്. നീരവ്‌മോദിക്കെതിരേ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് സമര്‍പ്പിച്ച തിരിച്ചയയ്ക്കല്‍ ഹര്‍ജിയില്‍ ലണ്ടന്‍ കോടതി വാറന്റ് പുറപ്പെടുവിച്ചതിനെത്തുടര്‍ന്നായിരുന്നു അറസ്റ്റ്.

Top